അതിജീവന സമരത്തിന് പരിസമാപ്തി ; ആളും ആരവവും ഒഴിഞ്ഞ് സമരപ്പന്തൽ
1246393
Tuesday, December 6, 2022 11:36 PM IST
എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം: ചർച്ചകളും ഒത്തുതീർപ്പു വ്യവസ്ഥകളും ഫലം കണ്ടെങ്കിലും മുല്ലൂരിലെ അതിജീവന സമരപ്പത്തൽ ഇന്നലെ വൈകുന്നേരം മുതൽ ശോകമൂകമായിരുന്നു. 113 ദിവസം നീണ്ടു നിന്ന സമരത്തിലും തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ പൂർണ വിജയം നേടാത്തതിന്റെ അമർഷവും ദു:ഖവും പന്തലിൽ ഉണ്ടായിരുന്നവരുടെ മുഖത്തുകാണാമായിരുന്നു.
സമരം പിൻവലിച്ചതായ അറിയിപ്പുവന്നപ്പോൾ സമരസമിതി കൺവീനർ മാരിൽ ഒരാളും കോവളം ഫൊറോനാ വികാരിയുമായ ഫാ.ഫ്രെഡി സോളമനും സമരനേതാക്കളായ ജോസഫ് ജോൺസൺ, ജോഷി റോബർട്ട് , ജോയി ജറാൾഡ് എന്നിവരും വിവിധ ഇടവകകളിൽ നിന്നെത്തിയ പത്തോളം വനിതകളുമായിരുന്നു സമര പന്തലിൽ ഉണ്ടായിരുന്നത്. ആഹ്ലാദമില്ലാതെ നിരാശ മാത്രമായിരുന്നു എല്ലാവരുടെയും മുഖത്ത്.
കഴിഞ്ഞം ജൂലൈ 20 ന് സെക്രട്ടേറിയറ്റ് പടിക്കലും ഒാഗസ്റ്റ് 16 ന് വിഴിഞ്ഞം മുല്ലൂരിൽതുടക്കം കുറിച്ച മത്സ്യത്തൊഴിലാളികളുടെ അതിജീവന സമരത്തിനാണ് ഇന്നലെ വൈകുന്നേരത്തോടെ പരിസമാപ്തി കുറിച്ചത്. തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് തോമസ്.ജെ. നെറ്റോയും സഹായമെത്രാൻ ആർ. ക്രിസ്തുദാസിന്റെയും സഭയിലെ വൈദീകരുടെയും അൽമായർമാരുടെയും നേതൃത്വത്തിൽ ആരംഭിച്ച സമരത്തിന് സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നും വൻ പിന്തുണയാണ് ലഭിച്ചത് തുറമുഖ കവാടം അടച്ച് റോഡിൽ നിർമിച്ച സമര പന്തൽ ഇനി നേതാക്കൾ പറയുന്ന മുറക്ക് പൊളിച്ച് മാറ്റും.
സന്തോഷം അറിയിച്ച് സ്വാമി ഗുരുരത്നം
ജ്ഞാന തപസ്വി
വിഴിഞ്ഞം സമരം അവസാനിച്ചതിൽ സന്തോഷം അറിയിച്ച് വിഴിഞ്ഞം സമാധാന ദൗത്യസംഘം. സമരം അവസാനിപ്പിക്കാൻ സന്മനസ് കാട്ടിയ സമര സമിതിയുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന ഇടപെടലുകൾ തുടർന്നും ഉണ്ടാകണമെന്നും അതിന് പദ്ധതി നടത്തിപ്പിനോളം പ്രാധാന്യം നൽകണമെന്നും ദൗത്യസംഘാംഗം സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പ്രസ്താവനയിലൂടെ അറിയിച്ചു.