സ്വപ്ന ഫൈനൽ
Saturday, February 22, 2025 2:25 AM IST
അഹമ്മദാബാദ്: മനം തുടിച്ചും മനമിടിഞ്ഞും മുന്നേറിയ പോരാട്ടം. ഒടുവിൽ അഞ്ചാംദിവസം ചരിത്രഫൈനലിലേക്കു കരുത്തോടെ ചുവടുവയ്പ്.
രഞ്ജിട്രോഫി ക്രിക്കറ്റിൽ അവസാനംവരെ പൊരുതിയ ഗുജറാത്തിനെ രണ്ടു റൺസ് ഒന്നാമിന്നിംഗ്സ് ലീഡിൽ മറികടന്നു തലയെടുപ്പോടെ കേരളം. ഇനി അന്തിമവിജയത്തിലേക്ക് എതിരാളി മുംബെയെ പൊടിച്ച വിദർഭ. ഫൈനൽ പോരാട്ടം 26 മുതൽ നാഗ്പുരിൽ.
ഒരു റണ്ണിന്റെ വജ്രത്തിളക്കമാണു കാഷ്മീരിനെ വീഴ്ത്തി കേരളത്തെ സെമിയിലെത്തിച്ചതെങ്കിൽ ഫൈനലിലേക്കു വഴിതെളിച്ചത് രണ്ടു റൺസിന്റെ സൂര്യശോഭ. ഫലമുണ്ടാക്കിയതു നാലു വിക്കറ്റോടെ വെട്ടിത്തിളങ്ങിയ സ്പിന്നർമാരായ ആദിത്യ സർവാതെയും ജലജ് സക്സേനയും. അവസാനദിവസത്തെ മൂന്നു വിക്കറ്റും ഈ സീസണിൽ വിദർഭയിൽനിന്നെത്തിയ സർവാതെയ്ക്ക്. മധ്യപ്രദേശിൽനിന്ന് 2016ൽ കടംകൊണ്ട ജലജ് സക്സേന രഞ്ജിയിൽ സ്ഥിരതയുടെ പ്രതീകമാണ്. സ്കോർ: കേരളം: 457, 114-4. ഗുജറാത്ത്: 455.
1951-52ൽ തുടക്കം. രണ്ടാംതവണ സെമിയിൽ. ഇതാ ആദ്യതവണ ഫൈനലിലും. കേരള ക്രിക്കറ്റിന്റെ ലഘുചരിത്രം ഇങ്ങനെ. മറ്റുള്ള ടീമുകൾക്ക് ഇന്നിംഗ്സ് വിജയം കൊണ്ടാടാൻ മൈതാനത്തിറങ്ങുന്ന ടീമിൽനിന്ന് രഞ്ജി ചാന്പ്യൻമാരാകാൻ കെൽപ്പുള്ള കളിക്കൂട്ടമായത് ആവേശോജ്വലമായ കഥയാണ്. പല കളിക്കാർ, പല നായകർ, പല പരിശീലകർ. അതിന്റെ ഇങ്ങേയറ്റത്ത് സച്ചിൻ ബേബിയും അമയ് ഖുരാസിയയും.
ട്വിസ്റ്റ്, സസ്പെൻസ്, നിരാശ, ഒടുവിൽ ആവേശം. പഞ്ചദിനക്രിക്കറ്റിലും ഇതൊക്കെയാകാമെന്ന് തെളിയിച്ചതായി സെമിഫൈനൽ പോരാട്ടം.
ഫൈനൽപ്രവേശത്തിനുള്ള മൂന്നു റൺസ് മുന്നിൽക്കണ്ടു ശ്വാസംപിടിച്ചുനിൽക്കുകയായിരുന്ന നഗ്വാസ്വാലയ്ക്കുനേരേ സർവാതെയുടെ പന്ത്. ബാറ്റർ ആഞ്ഞുവീശിയപ്പോൽ പന്ത് ഷോർട്ട്ലഗ് ഫീൽഡർ നിസാറിന്റെ ഹെൽമറ്റിൽത്തട്ടി സ്ലിപ്പിൽ നായകൻ സച്ചിൻ ബേബിയുടെ കൈകളിലേക്ക്. അതായിരുന്നു കേരളത്തിന്റെ വിജയമുഹൂർത്തം.
ക്ഷമയും ടെക്നിക്കും കൈമുതലാക്കി ബാറ്റർമാർ ഒരുക്കിയ അടിത്തറയിലായിരുന്നു പൊരുതിയ ഗുജറാത്ത് ബാറ്റിംഗിനെ മെരുക്കി സ്പിന്നർമാർ ഫിനിഷ് ചെയ്തത്. സർവാതെ 111 റൺസ് വഴങ്ങിയും ജലജ് സക്സേന 149 റൺസ് വിട്ടുകൊടുത്തും നാലു വിക്കറ്റ് വീതം വീഴ്ത്തി.
ഗുജറാത്തിനുവേണ്ടി പ്രിയങ്ക് പഞ്ചാൽ നേടിയ സെഞ്ചുറി (148) പാഴായി. കേരളത്തിന്റെ വിക്കറ്റ് കീപ്പർ-ബാറ്റർ അസ്ഹറുദ്ദീൻ നിർണായകസെഞ്ചുറിയോടെ പ്ലെയർ ഓഫ് ദ മാച്ചും.