ഓസ്ട്രേലിയൻ ഓപ്പൺ മാഡിസൻ കീസിന്
Saturday, January 25, 2025 11:50 PM IST
മെൽബണ്‍: വന്പൻ അട്ടിമറിയോടെ ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് വനിതാ കിരീടം യുഎസിന്റെ മാഡിസൻ കീസ് സ്വന്തമാക്കി.
നിലവിലെ ചാന്പ്യനും ബെലാറൂസിന്റെ ലോക ഒന്നാം നന്പർ താരവുമായ സബലെങ്കയെ അട്ടിമറിച്ചാണ് 19-ാം സീഡായ കീസ് കന്നി ഗ്രാൻസ്ലാം കിരീടമുയർത്തിയത്. തുടർ വിജയങ്ങളോടെ തുടർച്ചയായ മൂന്നാം കപ്പ് ലക്ഷ്യമിട്ടിറങ്ങിയ സബലെങ്ക അപ്രതീക്ഷിത തോൽവിയാണ് ഏറ്റുവാങ്ങിയത്.
ടൂർണമെന്റിൽ മികച്ച ഫോമിൽ സെമി ഫൈനൽ വരെയുള്ള മത്സരങ്ങളിൽ ഒരു സെറ്റ് മാത്രമാണ് സബലെങ്ക നഷ്ടപ്പെടുത്തിയത്. എന്നാൽ, സെമിയിൽ രണ്ടാം നന്പർ ഇഗ ഷ്യാങ്ടെക്കിനെ അട്ടിമറിച്ച് ഫൈനലിലെത്തിയ ഇരുപത്തൊന്‍പതുകാരി കീസിന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ സബലെങ്ക മുട്ടുമടക്കി. സ്കോർ: 6-3, 2-6, 7-5.
കരിയറിൽ കന്നി ഗ്രാൻസ്ലാം സ്വന്തമാക്കുന്ന പ്രായം കൂടിയ നാലാമത് താരമെന്ന നേട്ടത്തിനും കീസ് ഉടമയായി. സബലെങ്കയുടെ ഓസ്ട്രേലിയൻ ഓപ്പണിലെ തുടർച്ചയായ 20 വിജയങ്ങൾക്ക് വിരാമമിടാനും കീസിനായി. മാർട്ടിന ഹിൻഗിസിന്റെ തുടർച്ചയായ മൂന്ന് ഓസ്ട്രേലിയൻ ഓപ്പണ്‍ (1997- 1999) റിക്കാർഡിനൊപ്പമെത്താൻ സബലെങ്കയ്ക്കായില്ല.
നാലാം വയസ് മുതൽ
ഓസ്ട്രേലിയൻ ഓപ്പണിൽ നിലവിലെ ചാന്പ്യനെ അട്ടിമറിച്ച് കപ്പുയർത്തിയ കീസ് കായിക കുടുംബപശ്ചാത്തലത്തിൽനിന്നു വന്ന താരമാണ്. 1995ൽ മറാക്ക് ഐലൻഡിൽ ജനിച്ച കീസിന്റെ അച്ഛൻ ബാസ്കറ്റ്ബോൾ താരമായിരുന്നു. അമ്മ അഡ്വക്കറ്റും. മൂത്ത സഹോദരിയും രണ്ട് ഇളയ സഹോദരിമാരുമടങ്ങുന്ന കുടുംബം.
നാലാം വയസിൽ ടെന്നീസ് ആരംഭിച്ചു. 2009ൽ 14-ാം വയസിൽ പ്രൊഫഷണൽ കരിയറിന് തുടക്കം. 2016ൽ ഏഴാം റാങ്കിലെത്തിയതാണ് മികച്ച റാങ്ക് നേട്ടം. 2017 യുഎസ് ഓപ്പണ്‍ ഫൈനലിൽ കടന്നു. പത്ത് തവണ ഡബ്ല്യുടിഎ ചാന്പ്യൻ.
ഡബ്ല്യുടിഎ ടൂർണമെന്റിൽ ജയം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം. 2013ൽ പതിനേഴാം വയസിൽ ആദ്യ നൂറ് റാങ്കിനുള്ളിൽ ഇടംപിടിച്ച കീസ് 2015ൽ ഓസ്ട്രേലിയൻ ഓപ്പണ്‍ സെമിയിൽ കടന്ന യുവതാരമായി.