പൂളിൽ ചൂട് കൂടും...
jokovich2512025.jpg
Saturday, January 25, 2025 12:09 AM IST
അനിൽ തോമസ്
കൊച്ചി: ദേശീയ ഗെയിംസ് പോരാട്ടവേദിയിൽ കേരളത്തിന്റെ മെഡൽനേട്ടത്തിൽ നിർണായക പങ്കു വഹിക്കുന്ന അക്വാട്ടിക്സ് ഇനങ്ങളിൽ ഇത്തവണയും പ്രതീക്ഷ വാനോളമാണ്. ഹിമാലയൻ മലയിടുക്കുകൾക്കു താഴെ തണുത്തുറഞ്ഞ കാലാവസ്ഥയൊന്നും കേരളതാരങ്ങളെ തെല്ലും അലോസരപ്പെടുത്തുന്നില്ല. നീന്തൽക്കുളത്തിൽ തങ്കത്തിരയിളക്കത്തിനാണ് കേരള സംഘത്തിന്റെ നീക്കം.
25 പുരുഷന്മാരും 18 വനിതകളും അടക്കം 43 താരങ്ങളാണ് കേരളത്തിന്റെ അക്വാട്ടിക്സ് ടീമിലുള്ളത്. ഇതിൽ 12 പുരുഷന്മാരും അഞ്ച് സ്ത്രീകളും നീന്തലിലും 13 വീതം പുരുഷ-വനിതാ താരങ്ങൾ വാട്ടർപോളോയിലും മത്സരിക്കും. കേരളത്തിന്റെ അഭിമാനതാരമായ അർജുന അവാർഡ് ജേതാവ് സജൻ പ്രകാശാണ് നീന്തൽപ്പടയുടെ നായകൻ. കർണാടകയും മഹാരാഷ്ട്രയും സർവീസസുമാണ് പ്രധാന എതിരാളികൾ.
ഉത്തരാഖണ്ഡിലെ ശൈത്യമൊന്നും സജനു പ്രശ്നമാകില്ല. മൂന്ന് മേളകളിലായി 25 മെഡലുകൾ സ്വന്തമായുള്ള സജൻ കർണാടകത്തിലെ ബെല്ലാരി ഇൻസ്പയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ വിദേശ കോച്ചിനു കീഴിൽ പരിശീലനത്തിലാണ്. കേരളത്തിനായി ഏറ്റവും കൂടുതൽ ദേശീയ ഗെയിംസ് മെഡൽ നേട്ടക്കാരനാണ് സജൻ.
വനിതാ താരം ഹർഷിത ജയറാമും സ്വർണപ്രതീക്ഷയുള്ള താരമാണ്. കഴിഞ്ഞ ഗോവ നാഷണൽ ഗെയിംസിൽ രണ്ടു സ്വർണും ഒരു വെങ്കലവും ഹർഷിത നേടിയിരുന്നു. മലയാളിയായ ജയരാജിന്റെ മേൽനോട്ടത്തിൽ ബംഗളൂരു ഗ്ലോബൽ നീന്തൽ സെന്ററിൽ പരിശീലനത്തിലാണ് ഹർഷിത.
മറ്റ് ടീം അംഗങ്ങളുടെ പരിശീലനം വെഞ്ഞാറമൂട് പിരപ്പൻകോട് ഇന്റർനാഷണൽ അക്വാട്ടിക് കോംപ്ലക്സിലാണ്. കോച്ചുമാരായ വിൽസണ് ചെറിയാൻ, ഉണ്ണികൃഷ്ണൻ നായർ, പി.എസ്. വിനോദ്, എ. അനിൽകുമാർ എന്നിരുടെ ശിക്ഷണത്തിലാണ് പരിശീലനം.
ഈ മാസം 29 മുതൽ ഫെബ്രുവരി നാലു വരെ ഹൽദ്വാനിയിലെ സ്പോർട്സ് കോംപ്ലക്സിലാണ് മത്സരങ്ങൾ. തണുപ്പിനെ മറികടക്കാൻ പൂളിലെ വെള്ളം ചൂടാക്കിയാകും മത്സരം നടത്തുക. ഔട്ട്ഡോർ പൂളായതിനാൽ മത്സരത്തിലുടനീളം ചൂട് നിലനിൽക്കുമോയെന്ന ആശങ്ക കേരള ടീം മാനേജർമാരിൽ ഒരാളായ മുഹമ്മദാലി പങ്കുവച്ചു. എ. അനീഷ്, വി. രമ്യ, കെ. മിനിമോൾ എന്നിവരാണ് ടീമിലെ മറ്റു മാനേജർമാർ.
51 അംഗ അക്വാട്ടിക് ടീം 27നു രാവിലെ ഏഴിന് നെടുന്പാശേരിയിൽനിന്നുള്ള ഡൽഹി വിമാനത്തിൽ യാത്ര തിരിക്കും. ഡൽഹിയിൽനിന്ന് ട്രെയിൻ മാർഗമാകും മത്സരവേദിയിലേക്ക് പോകുക.