ഇന്ത്യ ഗ്രൂപ്പ് ചാന്പ്യൻ
Thursday, January 23, 2025 11:09 PM IST
ക്വാലാലംപുർ: ഐസിസി അണ്ടർ 19 വനിതാ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ഗ്രൂപ്പ് എയിൽ നിലവിലെ ചാന്പ്യന്മാരായ ഇന്ത്യ എതിരില്ലാതെ നോക്കൗട്ടിൽ.
ഗ്രൂപ്പ് എയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ കുമാരിമാർ 60 റൺസിനു ശ്രീലങ്കയെ തോൽപ്പിച്ചു. ഇതോടെ ഗ്രൂപ്പിലെ മൂന്നു മത്സരങ്ങളിലും വെന്നിക്കൊടി പാറിച്ച് ഇന്ത്യ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. സ്കോർ: ഇന്ത്യ 20 ഓവറിൽ 118/9. ശ്രീലങ്ക 20 ഓവറിൽ 58/9.
മലയാളിത്തിളക്കം
ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ ഇന്ത്യക്കുവേണ്ടി ഓപ്പണർ ഗോങ്കഡി തൃഷ 44 പന്തിൽ 49 റൺസുമായി ടോപ് സ്കോററായി. കേരളത്തിൽ വേരുകളുള്ള മിഥില വിനോദായിരുന്നു (10 പന്തിൽ 16) പിന്നീട് ഇന്ത്യൻ ഇന്നിംഗ്സിൽ തിളങ്ങിയത്.
119 റൺസ് വിജയ ലക്ഷ്യവുമായി ക്രീസിലെത്തിയ ശ്രീലങ്കയെ വയനാടുകാരി വി.ജെ. ജോഷിതയുടേ നേതൃത്വത്തിലുള്ള ബൗളിംഗ് സംഘം എറിഞ്ഞൊതുക്കി. ശബ്നം ഷക്കീൽ ഒന്പതു റൺസ് വഴങ്ങിയും ജോഷിത 17 റൺസ് വഴങ്ങിയും പരുണിക ഏഴു റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.