ദേശീയ ഗെയിംസ് : അസോസിയേഷന് തെരഞ്ഞെടുത്ത വോളി ടീമിന് യോഗ്യത: ഹൈക്കോടതി
Saturday, January 25, 2025 12:09 AM IST
കൊച്ചി: 38-ാമത് ദേശീയ ഗെയിംസില്‍ വോളിബോളിൽ മത്സരിക്കാന്‍ യോഗ്യത കേരള ഒളിമ്പിക് അസോസിയേഷന് തെരഞ്ഞെടുത്ത ടീമിനായിരിക്കുമെന്ന് ഹൈക്കോടതി.
കേരള സ്പോര്‍ട്സ് കൗണ്‍സിലിന്റെ അംഗീകാരമുള്ള ടെക്നിക്കല്‍ കമ്മിറ്റി തെരഞ്ഞെടുത്ത പുരുഷ, വനിത വോളിബോള്‍ ടീമുകൾക്ക് ദേശീയ ഗെയിംസില്‍ പങ്കെടുക്കാന്‍ താത്കാലിക അനുമതി നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
അത്തരത്തില്‍ അനുമതി നല്‍കുന്നത് കേരള ഒളിമ്പിക് അസോസിയേഷന് തെരഞ്ഞെടുത്ത കളിക്കാര്‍ക്ക് നഷ്ടമുണ്ടാക്കുമെന്ന് വിലയിരുത്തിയാണ് ജസ്റ്റീസ് സി.എസ്. ഡയസിന്റെ ഇടക്കാല ഉത്തരവ്.
സ്പോര്‍ട്സിന്റെ പേരില്‍ അഭ്യന്തര തര്‍ക്കങ്ങളും കലഹങ്ങളും അരങ്ങേറുമ്പോള്‍ നഷ്ടം കായികതാരങ്ങള്‍ക്കും സ്പോര്‍ട്സുമാണ്. ചുമതലപ്പെട്ടവര്‍ ഇക്കാര്യത്തില്‍ ഇടപെടേണ്ട സമയം അതിക്രമിച്ചെന്നും കോടതി പറഞ്ഞു.
ടെക്നിക്കല്‍ കമ്മിറ്റി കണ്‍വീനര്‍ എം.എസ്. അനില്‍കുമാര്‍ നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചാണു കേരള ഒളിമ്പിക് അസോസിയേഷന് ടിം തെരഞ്ഞെടുപ്പ് നടത്തിയത്.
ഇവര്‍ നല്കിയ പേരുകള്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും ഗെയിംസ് ടെക്നിക്കല്‍ കണ്ടക്ട് കമ്മിറ്റിയും അംഗീകരിക്കുകയും ചെയ്തെന്നും കോടതി പറഞ്ഞു.
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് നിര്‍ദേശ പ്രകാരം കേരള ഒളിമ്പിക് അസോസിയേഷന് കേരളത്തിലെ 14 ജില്ലകളിലും മോണിറ്ററിംഗ് കമ്മിറ്റിയുണ്ടാക്കി സെലക്ഷന് പ്രക്രിയ പൂര്‍ത്തിയാക്കിയതിന് ശേഷം സംസ്ഥാനതല സെലക്ഷന് പൂര്‍ത്തീകരിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. 28നാണ് ദേശീയ ഗെയിംസ് ആരംഭിക്കുന്നത്.