ഇന്ത്യ x ഇംഗ്ലണ്ട് രണ്ടാം ട്വന്റി-20 ഇന്ന് രാത്രി 7.00ന്
Saturday, January 25, 2025 12:09 AM IST
ചെന്നൈ: രണ്ടാം ജയത്തോടെ ട്വന്റി-20 ക്രിക്കറ്റ് പരന്പരയിൽ ലീഡുയർത്താൻ ഇന്ത്യൻ യുവനിര ഇന്ന് ഇംഗ്ലണ്ടിനെതിരേയിറങ്ങും. ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് മത്സരം.
ആദ്യമത്സരത്തിൽ ഇന്ത്യ ഓപ്പണർ അഭിഷേക് ശർമയുടെ അർധസെഞ്ചുറിയുടെയും മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് തുടക്കത്തിന്റെയും ബലത്തിൽ ഏഴ് വിക്കറ്റ് ജയം സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ട് ഉയർത്തിയ 132 റണ്‍സ്, മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഓപ്പണിംഗിലെ സഞ്ജു- അഭിഷേക് ജോഡിയിലാണ് ഇന്ത്യൻ പ്രതീക്ഷ.
സഞ്ജു-അഭിഷേക് ഓപ്പണിംഗ് കൂട്ടുകെട്ട് നൽകുന്ന മികച്ച അടിത്തറ പിന്നാലെ എത്തുന്ന മറ്റു ബാറ്റർമാർക്ക് ആത്മവിശ്വാസത്തോടെ തകർത്തടിക്കാനുള്ള അവസരവുമൊരുക്കുന്നു. ആദ്യമത്സരത്തിൽ സഞ്ജു സാംസണ് (26 റണ്‍സ്) വെടിക്കെട്ട് തുടക്കം നൽകിയപ്പോൾ സഹ ഓപ്പണർ അഭിഷേക് ശർമ (79 റണ്‍സ്) ടീമിനെ ജയത്തിലെത്തിച്ചു.
ബൗളിംഗ് നിരയും ഫോമിലാണ്. വരുണ്‍ ചക്രവർത്തി മൂന്നും അർഷദീപ്, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ എന്നിവർ രണ്ട് വീതം വിക്കറ്റ് നേടി മികവ് പുലർത്തി. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പൂജ്യത്തിന് പുറത്തായത് മാത്രമാണ് ഇന്ത്യക്കു നിരാശ നൽകിയത്.
സ്പിന്നിനെ തുണയ്ക്കുന്ന ചിദംബരം സ്റ്റേഡിയം ബാറ്റർമാർക്ക് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ. വരുണ്‍ ചക്രവർത്തി, രവി ബിഷ്ണോയ്, അക്സർ പട്ടേൽ സ്പിൻ ആക്രമണം ശക്തമാണ്.
ന്യൂബോൾ പവർ പ്ലേയിൽ യോർക്കറും സ്വിംഗുമായി അർഷദീപ് പേസ് ആക്രമണം നയിക്കും. നാല് പേസ് ബൗളർമാരുമായി ആദ്യമത്സരത്തിനിറങ്ങിയ ഇംഗ്ലണ്ട് സ്പിന്നിനെ തുണയ്ക്കുന്ന ചെന്നൈയിലെ പിച്ചിൽ ടീമിൽ മാറ്റവുമായി ഇറങ്ങാൻ സാധ്യതയുണ്ട്. റഹാൻ അഹമദിനെ ടീമിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന.