സിറ്റി ചാന്പൽ
Thursday, January 23, 2025 11:09 PM IST
പാരീസ്/മിലാൻ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിന്റെ ഏഴാം റൗണ്ട് പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ പിന്നിൽനിന്നെത്തി വീഴ്ത്തി ഫ്രഞ്ച് ക്ലബ് പിഎസ്ജി.
രണ്ടാം പകുതിയിൽ ആറു ഗോൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ ഗ്രീലിഷ് (50’), എർലിംഗ് ഹാലണ്ട് (53’) എന്നിവരുടെ ഗോളുകളിലൂടെ 2-0ന്റെ ലീഡ് നേടിയശേഷമായിരുന്നു 4-2നു സിറ്റിയുടെ തോൽവി. ജയത്തോടെ ലീഗ് ടേബിളിൽ 22-ാം സ്ഥാനത്തേക്ക് പിഎസ്ജി എത്തി.
എട്ടു പോയിന്റ് മാത്രമുള്ള സിറ്റി 25-ാം സ്ഥാനത്തേക്കു വീണു. ഒരു മത്സരം ശേഷിക്കേ 24 റാങ്കിനുള്ളൽ പ്രവേശിച്ചാൽമാത്രമേ പ്രീ ക്വാർട്ടറിനായുള്ള പ്ലേ ഓഫ് യോഗ്യതയെങ്കിലും സിറ്റിക്കു ലഭിക്കൂ. ക്ലബ് ബ്രൂഷാണ് എട്ടാം റൗണ്ടിൽ സിറ്റിയുടെ എതിരാളി. 24 റാങ്കിനു പുറത്തുള്ള ഏക വന്പൻ ടീമാണ് പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി.
റയൽ, ഗണ്ണേഴ്സ്, മിലാൻ, ബയേൺ
നിലവിലെ ചാന്പ്യന്മാരായ റയൽ മാഡ്രിഡ് ഹോം മത്സരത്തിൽ 5-1നു സാൽസ്ബർഗിനെ തകർത്തു.
എസി മിലാൻ 1-0നു ജിറോണയെയും ഇന്റർ മിലാൻ 1-0നു സ്പാർട്ട പ്രാഹിനെയും ആഴ്സണൽ 3-0നു ഡൈനാമോ സാഗ്രേബിനെയും തോൽപ്പിച്ചു. അതേസമയം, ജർമൻ ശക്തികളായ ബയേണ്‍ മ്യൂണിക് എവേ പോരാട്ടത്തിൽ 0-3നു ഡച്ച് ക്ലബ് ഫെയ്നൂർദിനോടു പരാജയപ്പെട്ടു.