രണ്ടിലും വീണ് രോഹിത്, ജയ്സ്വാൾ
Saturday, January 25, 2025 12:09 AM IST
മുംബൈ: രഞ്ജി ട്രോഫിയിലേക്ക് ഒരു പതിറ്റാണ്ടിനുശേഷം തിരിച്ചെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് നിരാശ മാത്രം ബാക്കി.
ദേശീയ ടീമിലെ മോശം ഫോമിനു വിരാമമിടാൻ രഞ്ജി ട്രോഫിക്കിറങ്ങിയ രോഹിത് ശർമ, മുംബൈക്കുവേണ്ടിയുള്ള രണ്ട് ഇന്നിംഗ്സിലും പരാജയപ്പെട്ടു.
ജമ്മു കാഷ്മീരിനെതിരായ രഞ്ജി ട്രോഫി പോരാട്ടത്തിന്റെ ആദ്യ ഇന്നിംഗ്സിൽ 19 പന്തിൽ മൂന്നു റണ്‍സുമായി പുറത്തായ രോഹിത്, രണ്ടാം ഇന്നിംഗ്സിൽ 35 പന്തിൽ 28 റണ്‍സിന് ഔട്ട്.
രോഹിത് ശർമയുടെ ഓപ്പണിംഗ് കൂട്ടായ യശസ്വി ജയ്സ്വാളിനും രണ്ടാം ഇന്നിംഗ്സിൽ തിളങ്ങാൻ സാധിച്ചില്ല. 51 പന്തിൽ 26 റണ്‍സാണ് രണ്ടാം ഇന്നിംഗ്സിൽ ജയ്സ്വാൾ നേടിയത്. ആദ്യ ഇന്നിംഗ്സിൽ നാലിനു പുറത്തായിരുന്നു.
ഷാർദുൾ സെഞ്ചുറി
അതേസമയം, ആദ്യ ഇന്നിംഗ്സിൽ 51 റണ്‍സ് നേടിയ ഷാർദുൾ ഠാക്കൂർ, രണ്ടാം ഇന്നിംഗ്സിൽ സെഞ്ചുറി സ്വന്തമാക്കി. 119 പന്തിൽ 113 റണ്‍സുമായി ഷാർദുൾ പുറത്താകാതെ നിൽക്കുന്നു. ഒന്‍പതാം നന്പറായ തനുഷ് കൊടിയനാണ് (58 നോട്ടൗട്ട്) ഷാർദുളിനൊപ്പം ക്രീസിൽ. സ്കോർ: മുംബൈ 120, 274/7. ജമ്മു കാഷ്മീർ 206.