രഞ്ജിയിൽ രവീന്ദ്രജാലം
Saturday, January 25, 2025 12:09 AM IST
രാജ്കോട്ട്: ഡൽഹിക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റിൽ രവീന്ദ്ര ജഡേജയുടെ മിന്നും ബൗളിംഗിന്റെ ബലത്തിൽ സൗരാഷ്ട്രയ്ക്കു 10 വിക്കറ്റ് ജയം.
ആദ്യ ഇന്നിംഗ്സിൽ 66 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജഡേജ രണ്ടാം ഇന്നിംഗ്സിൽ 38 റണ്‍സിന് ഏഴു വിക്കറ്റ് സ്വന്തമാക്കി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ജഡേജ 10-ാം തവണയാണ് പത്തോ അതിൽ കൂടുതലോ വിക്കറ്റ് വീഴ്ത്തുന്നത്. സ്കോർ: ഡൽഹി 188, 94. സൗരാഷ്ട്ര 271, 15/0.
പന്ത് പരാജയം
ഡൽഹിക്കായി ഇറങ്ങിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററായ ഋഷഭ് പന്തിനു രണ്ടാം ഇന്നിംഗ്സിലും തിളങ്ങാൻ സാധിച്ചില്ല. ആദ്യ ഇന്നിംഗ്സിൽ 10 പന്തിൽ ഒരു റണ്ണുമായി മടങ്ങിയ പന്ത്, രണ്ടാം ഇന്നിംഗ്സിൽ 26 പന്തിൽ 17 റണ്‍സിനു പുറത്ത്. ക്യാപ്റ്റൻ ആയുഷ് ബഡോണി (60, 44) ആണ് ഡൽഹിയുടെ രണ്ട് ഇന്നിംഗ്സിലെയും ടോപ് സ്കോറർ.
സൗരാഷ്ട്രയ്ക്കുവേണ്ടി ഒന്നാം ഇന്നിംഗ്സിൽ ക്രീസിലെത്തിയ രവീന്ദ്ര ജഡേജ 36 പന്തിൽ 38 റണ്‍സും നേടി. പ്ലെയർ ഓഫ് ദ മാച്ചും ജഡേജയാണ്.