ഇന്ത്യയിൽ കണ്ണുവച്ച് ചിപ്പ് കന്പനികൾ
Saturday, March 15, 2025 12:00 AM IST
മുംബൈ: ചിപ്പ് നിർമാണത്തിലും വിതരണത്തിലും ഇന്ത്യൻ പങ്കാളികളെ തേടി വൻ കന്പനികൾ.
ജർമൻ സെമികണ്ടക്ടർ നിർമാതാക്കളായ ഇൻഫിനിയോണും യുഎസ് ആസ്ഥാനമായുള്ള ചിപ്പ് വിതരണക്കാരനായ ഓണ്സെമിയും ഇന്ത്യയിൽ ഒൗട്ട്സോഴ്സ്ഡ് സെമികണ്ടക്ടർ അസംബ്ലി ടെസ്റ്റിംഗ് (ഒഎസ്എടി) കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനായി ഇന്ത്യൻ കന്പനികളുമായി പങ്കാളിത്തം തേടുന്നുണ്ടെന്ന് റിപ്പോർട്ടുകൾ. സെമികണ്ടക്ടർ നിർമാണത്തിനുള്ള ഒരു കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ വർധിച്ചുവരുന്ന പ്രാധാന്യമാണ് ഈ കന്പനികളുടെ നീക്കം സൂചിപ്പിക്കുന്നത്.
ലോകത്തിലെ മുൻനിര പവർ സെമികണ്ടക്ടർ സ്ഥാപനങ്ങളിലൊന്നായ ഇൻഫിനിയോണ്, ഇന്ത്യയിൽ ഒരു ഒഎസ്എടി കേന്ദ്രം സ്ഥാപിക്കുന്നതിന് അവസരങ്ങൾ സജീവമായി വിലയിരുത്തുന്നുണ്ടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട്് ചെയ്തു.
രാജ്യത്ത് പവർ ചിപ്പുകൾ നിർമിക്കുന്നതിനുള്ള സിലിക്കണ് വേഫർ വിതരണം ചെയ്യുന്നതിനായി ഇൻഫിനിയോണ് മൊഹാലി ആസ്ഥാനമായുള്ള സിഡിഐഎൽ സെമികണ്ടക്ടറുകളുമായി അടുത്തിടെ ഒരു കരാറിൽ ഒപ്പുവച്ചു. ജർമൻ കന്പനിയുടെ ഇന്ത്യയിലെ ആദ്യകരാറാണിത്.
കരാർ പ്രകാരം, ഇൻഫിനിയോണ് സിഡിഐഎല്ലിന് സെമികണ്ടക്ടർ വേഫറുകൾ വിതരണം ചെയ്യും. സിഡിഐഎൽ ഇത് പവർ ഇൻവെർട്ടറുകൾ, സോളാർ ടെക്നോളജി, ഓട്ടോമൊബൈൽ പവർ സൊലൂഷനുകൾ, പുനരുപയോഗ ഉൗർജ ആപ്ലിക്കേഷനുകൾ തുടങ്ങിയ ഉത്പന്നങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള പവർ ചിപ്സെറ്റ് അസംബ്ലിയും പാക്കേജിംഗും നടത്തും.
ഇൻഫിനിയോണ് രാജ്യത്ത് അതിന്റെ ഒഎസ്എടി കാൽപ്പാടുകൾ വികസിപ്പിക്കുന്നതിനുള്ള ഒരു സാധ്യതയുടെ മുന്നോടിയായിട്ടാണ് ഈ പങ്കാളിത്തത്തെ കണക്കാക്കുന്നത്.
ഇന്ത്യ തങ്ങളുടെ ഒരു പ്രധാന വിപണിയും ഇന്നൊവേഷൻ ഹബ്ബുമാണ്. രാജ്യത്ത് നിർമാണപ്രവർത്തനങ്ങൾക്ക് നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് കന്പനി വക്താവ് ദേശീയമാധ്യമത്തോട് പറഞ്ഞു.
അതേസമയം, ഓണ്സെമി ഒഎസ്എടി കേന്ദ്രത്തിലൂടെ ഇന്ത്യയിൽ സാന്നിധ്യം വിപുലീകരിക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. അരിസോണ ആസ്ഥാനമായുള്ള കന്പനി പവർ സെമി കണ്ടക്ടറുകളുടെയും സെൻസറുകളുടെയും പ്രധാന വിതരണക്കാരാണ്.
ഒഎസ്എടി കേന്ദ്രത്തിനായി ഇന്ത്യൻ സ്ഥാപനം പണം മുടക്കുന്പോൾ സാങ്കേതികസഹായം നൽകുമെന്നാണ് ഓണ്സെമി വാഗ്ദാനം ചെയ്യുന്നത്.