കാർഷിക കയറ്റുമതിയിൽ ഇന്ത്യയുടെ കുതിപ്പ്
Saturday, February 22, 2025 2:23 AM IST
ന്യൂഡൽഹി: ഇന്ത്യയുടെ കാർഷിക കയറ്റുമതിയിൽ അഭൂതപൂർവമായ വളർച്ചയാണു ഉണ്ടായിരിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ന്മമുടെ നിരവധി ഉത്പന്നങ്ങൾ ഇതാദ്യമായി അന്താരാഷ്ട്ര വിപണികളിലേക്കെത്തി.
ചരിത്രപരമായ ഈ വികാസം വ്യാപാരത്തിന്റെ കാര്യത്തിൽ മാത്രമല്ല, കർഷകരെ ശക്തീകരിക്കുന്നതിലും ഗ്രാമീണ മേഖലയുടെ വരുമാനം വർധിപ്പിക്കുന്നതിലും ഇന്ത്യയുടെ സമ്പന്നമായ കാർഷിക പൈതൃകത്തെ ആഗോള ഭൂപടത്തിൽ ഉൾപ്പെടുത്തുന്നതിലും വഴിതെളിച്ചു. ആകർഷകമായ ഫലങ്ങൾ മുതൽ പരമ്പരാഗത ഭക്ഷ്യവസ്തുക്കൾവരെ, സ്വയംപര്യാപ്ത ഇന്ത്യ എന്ന കാഴ്ചപ്പാട്, രാജ്യത്തെ കർഷകർക്കു പുതിയ അവസരങ്ങൾ എങ്ങനെ സൃഷ്ടിക്കുന്നുവെന്ന് കയറ്റുമതിയുടെ ഈ ആദ്യ ചുവടുകൾ എടുത്തുകാട്ടുന്നു.
ശ്രദ്ധേയമായ ചില കാർഷിക കയറ്റുമതികൾ
ഓസ്ട്രേലിയയിലേക്ക് ഇന്ത്യൻ മാതളനാരങ്ങയുടെ ആദ്യ കയറ്റുമതി നടന്നു. മികച്ച ഇനങ്ങളായ സാംഗോള, ഭഗവ എന്നീ മാതളനാരങ്ങകൾ കപ്പൽവഴിയാണ് ഓസ്ട്രേലിയയിൽ എത്തിച്ചത്.
പോളണ്ടിലേക്ക് അത്തിപ്പഴച്ചാർ കയറ്റിയയച്ചു. ഇന്ത്യയുടെ തനതായ പുരന്ദർ അത്തിപ്പഴം ഇപ്പോൾ യൂറോപ്പിലും തരംഗമാണ്. 2024ൽ, പുരന്ദർ അത്തിപ്പഴത്തിൽനിന്നു നിർമിച്ച പാനീയം പോളണ്ടിലേക്കു കയറ്റുമതി ചെയ്യാൻ ഗവണ്മെന്റ് സൗകര്യമൊരുക്കി. 2022ൽ ജർമനിയിലേക്കും ഇതു കയറ്റുമതി ചെയ്തിരുന്നു. ഭൂപ്രദേശസൂചിക അംഗീകാരം ലഭിച്ച പുരന്ദർ അത്തിപ്പഴം സവിശേഷമായ രുചിക്കും ഘടനയ്ക്കും പേരുകേട്ടതാണ്.
ഡ്രാഗൺ ഫ്രൂട്ട് ലണ്ടനിലേക്കും ബഹറിനിലേക്കും കയറ്റുമതി ചെയ്തു. ‘കമലം’ എന്നറിയപ്പെടുന്ന, നാരുകളും ധാതുക്കളും നിറഞ്ഞ ഡ്രാഗൺ ഫ്രൂട്ട്, 2021ൽ ലണ്ടനിലേക്കും ബഹ്റിനിലേക്കും കയറ്റുമതി ചെയ്തു. ലണ്ടനിലേക്കു കയറ്റുമതി ചെയ്തതു ഗുജറാത്തിലെ കച്ച് മേഖലയിലെ കർഷകരിൽനിന്നുള്ള ഉത്പന്നങ്ങളാണ്. ബഹറിനിലേക്കുള്ളവ പശ്ചിമ ബംഗാളിലെ പശ്ചിമ മിഡ്നാപുരിലെ കർഷകരിൽനിന്നുള്ളവയാണ്.
അമേരിക്കയിലേക്ക് മാതളനാരങ്ങയുടെ ആദ്യ പരീക്ഷണ കയറ്റുമതി നടത്തി. 2023ലാണ് അമേരിക്കയിലേക്കു പരീക്ഷണാടിസ്ഥാനത്തിൽ ശുദ്ധമായ മാതളനാരങ്ങ കയറ്റുമതി ചെയ്ത്. അമേരിക്കൻ വിപണിയിൽ സാന്നിധ്യം വിപുലീകരിക്കുന്നതിനുള്ള വലിയ ചുവടുവയ്പ്പ് ഇന്ത്യ നടത്തി. മഹാരാഷ്ട്രയിൽനിന്നുള്ള ഭഗവ മാതളനാരങ്ങയ്ക്കും ഗണ്യമായ കയറ്റുമതി സാധ്യതയാണുള്ളത്. രാജ്യത്തുനിന്നുള്ള ഫലങ്ങളുടെ കയറ്റുമതിയുടെ പകുതിയോളവും മഹാരാഷ്ട്രയിലെ സോളാപുർ ജില്ലയിൽ നിന്നാണ്.
ആസാമിലെ ‘ലെറ്റെക്കു’ പഴം ദുബായിലേക്കു കയറ്റി അയച്ചു. ലെറ്റെക്കു എന്നറിയപ്പെടുന്ന ബർമീസ് മുന്തിരി 2021ലാണ് ഗുവാഹാത്തിയിൽനിന്നു ഡൽഹിവഴി ദുബായിലേക്കു കയറ്റിയയച്ചത്.
ത്രിപുരയിലെ ചക്ക ജർമനിയിലേക്കാണ് കയറ്റിയയച്ചത്. വിമാനമാർഗമായിരുന്നു കയറ്റുമതി. ഒരു ടൺ ചക്കയുടെ ആദ്യഗഡു അഗർത്തലയിൽ ഫ്ലാഗ് ഓഫ് ചെയ്തു.
നാഗാലാൻഡിൽനിന്നു ലണ്ടനിലേക്ക് ഇതാദ്യമായി മുളകുരാജാവ് ‘രാജ മിർച്ച’വടക്കുകിഴക്കൻ മേഖലയിൽനിന്നുള്ള ഭൂപ്രദേശസൂചിക അംഗീകാരമുള്ള ഉത്പന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കുന്നതിന്റെ ഭാഗമായി, മുളകുരാജാവ് എന്നും അറിയപ്പെടുന്ന ‘രാജ മിർച്ച’ ആദ്യമായി നാഗാലാൻഡിൽനിന്ന് 2021ൽ ലണ്ടനിലേക്കു കയറ്റിയയച്ചു.
ആസാമിൽനിന്ന് അമേരിക്കയിലേക്ക് ‘ചുവന്ന അരി’യുടെ ആദ്യ കയറ്റുമതിയും 2021ൽ നടന്നു. ഇരുമ്പിനാൽ സമൃദ്ധമായ ‘ചുവന്ന അരി’ ആസാമിലെ ബ്രഹ്മപുത്ര താഴ്വരയിൽ, രാസവളങ്ങളൊന്നും ഉപയോഗിക്കാതെയാണു വളർത്തുന്നത്.
കേരളത്തിൽനിന്നു ദുബായിലേക്കും ഷാർജയിലേക്കും വാഴക്കുളം കൈതച്ചക്ക 2022ൽ കയറ്റിയയച്ചു. ഭൂപ്രദേശസൂചിക അംഗീകാരമുള്ളതാണ് വാഴക്കുളം കൈതച്ചക്ക.