ഓജസ് ഇൻഫോടെക് എക്സലൻസ് സെന്റർ അമൽ ജ്യോതിയിൽ സ്ഥാപിതമായി
Saturday, February 22, 2025 12:15 AM IST
കാഞ്ഞിരപ്പള്ളി: അബുദാബി ആസ്ഥാനമായുള്ള ഓജസ് ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ എക്സലൻസ് സെന്റർ കാഞ്ഞിപ്പള്ളി അമൽ ജ്യോതി ഓട്ടോണോമസ് എൻജിനിയറിംഗ് കോളജിൽ സ്ഥാപിക്കും.
ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഇരു സ്ഥാപനങ്ങളും ഒപ്പുവച്ചു. മുൻനിര ടെക്നോളജി വ്യവസായസ്ഥാപനങ്ങൾക്ക് കാമ്പസ് ഇൻഫോപാർക്കിൽ സ്ഥലം നൽകും. സെന്ററിൽ ഈ വർഷം മുതൽ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം ശമ്പളത്തോടുകൂടി ജോലി ചെയ്യാൻ സാധിക്കും.
റസിഡൻഷ്യൽ കാമ്പസ് ആയ അമൽജ്യോതിയിൽ വിദ്യാർഥികൾക്ക് ഇത് വലിയ സാധ്യതയുടെ ലോകമാണ് തുറന്നു നൽകുന്നത്. പാർട്ട് ടൈം ജോലി കൂടാതെ സ്റ്റൈപെന്റോടുകൂടി നിരവധി വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പിനുള്ള അവസരവും സെന്റർ പ്രദാനം ചെയ്യും.
ഓജസ് കമ്പനി സിഇഒ റെജി ഉലഹന്നാൻ, ഓജസ് ഇൻഫോടെക് ബിസിനസ് ആപ്ലിക്കേഷൻ മാനേജർ കെ.പി. ലിൻകൺ, മൊബൈൽ ആൻഡ് വെബ് ആപ്ലിക്കേഷൻ ഡവലപ്മെന്റ് ഹെഡ് ഹരികൃഷ്ണൻ, അമൽജ്യോതി കോളജ് ഡയറക്ടർ റവ.ഡോ. റോയി പഴേപറമ്പിൽ, പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്, ഐടി ആൻഡ് ആർട്ടിഫിഷൽ ഇന്റലിജിൻസ് വകുപ്പുകളുടെ മേധാവി ഡോ. മനോജ് ടി. ജോയി, അസിസ്റ്റന്റ് പ്രഫ. തോമസ് വർഗീസ് എന്നിവർ പ്രസംഗിച്ചു.