ദക്ഷിണകൊറിയയിൽ കാട്ടുതീ ശമിക്കുന്നില്ല
Friday, March 28, 2025 3:16 AM IST
സീയൂൾ: ദക്ഷിണ കൊറിയയുടെ തെക്കുകിഴക്കൻ ഭാഗത്തു പടരുന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമങ്ങൾ പരാജയം. ഒറ്റദിവസംകൊണ്ട് ഇരട്ടി പ്രദേശത്ത് തീ പടർന്നു. ഇതുവരെ 27 പേർ മരിച്ചതായാണു റിപ്പോർട്ട്.
ഉയിസിയോംഗ് കൗണ്ടിയിൽ ഒരാഴ്ച മുന്പ് ആരംഭിച്ച തീ സമീപ്രദേശങ്ങളിലേക്ക് അതിവേഗം പടരുകയായിരുന്നു. 81,500 ഏക്കർ ചാന്പലായി. ദക്ഷിണകൊറിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയാണിതെന്നു റിപ്പോർട്ടുകളിൽ പറയുന്നു.
അഗ്നിശമന സേനാംഗങ്ങളും സൈനികരും അടക്കം ആയിരക്കണക്കിനു പേരാണു തീയണയ്ക്കാൻ ശ്രമിക്കുന്നത്. 120 ഹെലികോപ്റ്ററുകളും ദൗത്യത്തിന് ഉപയോഗിക്കുന്നു. വരണ്ട കാലാവസ്ഥയും കാറ്റും മൂലം തീപടരുകയാണെന്ന് അഗ്നിശമനസേന പറഞ്ഞു.