അയർലൻഡ്-കൊച്ചി നേരിട്ടുള്ള വിമാനസർവീസിന് കളമൊരുങ്ങുന്നു
Thursday, November 28, 2024 6:25 AM IST
ജെയ്സൺ കിഴക്കയിൽ
ഡബ്ലിൻ: അയർലൻഡിൽനിന്നു കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാനസർവീസിന് കളമൊരുങ്ങുന്നു. അയർലൻഡ് തലസ്ഥാനമായ ഡബ്ലിനിൽനിന്നു നെടുമ്പാശേരിയിലേക്ക് നേരിട്ടുള്ള പുതിയ സർവീസിനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്.
അയർലൻഡിലെ ആദ്യ മലയാളി മേയർ ബേബി പെരേപ്പാടനാണ് ഈ നീക്കത്തിനു പിന്നിൽ. അയർലൻഡിലെ അരലക്ഷത്തിലേറെ മലയാളികളുടെ ചിരകാലസ്വപ്നമാണ് നേരിട്ടുള്ള വിമാനസർവീസെന്ന് ഭരണകക്ഷിയായ ഫിനഗേൽ പാർട്ടി നേതാവുകൂടിയായ മേയർ ചൂണ്ടിക്കാട്ടി.
ഇതുസംബന്ധിച്ച് ബേബി പെരേപ്പാടൻ സിയാൽ എംഡി എസ്. സുഹാസുമായും അയർലൻഡ് എയർപോർട്ട് അഥോറിറ്റി ഏവിയേഷൻ ബിസിനസ് ഡെവലപ്മെന്റ് വൈസ് പ്രസിഡന്റ് ഓവിൻ മിക്ഗ്ലോക്ലിനുമായും ചർച്ചകൾ നടത്തി.
എയർ ഇന്ത്യ, ഐറിഷ് വിമാന കമ്പനിയായ എയർലിംഗസ് എന്നിവരുമായും ചർച്ചകൾ നടത്തിവരികയാണെന്ന് ബേബി പെരേപ്പാടൻ പറഞ്ഞു. ഇന്ത്യയിലെ ഐറിഷ് അംബാസഡർ കെവിൻ കെല്ലി നേരിട്ടുള്ള വിമാന സർവീസുമായി ബന്ധപ്പെട്ട ശിപാർശ ഡബ്ലിൻ എയർപോർട്ട് അഥോറിറ്റിക്കു കൈമാറിയിട്ടുണ്ട്.
കൊച്ചിയിൽനിന്നു മാത്രം ശരാശരി പ്രതിദിനം 118 പേർ ഡബ്ലിനിലേക്ക് യാത്ര ചെയ്യുന്നുണ്ട്. അയർലൻഡിൽനിന്നു നിത്യേന ശരാശരി 250ലേറെപ്പേരാണ് കേരളത്തിലെത്താൻ വിവിധ വിമാനത്താവളങ്ങൾ വഴി ഭീമമായ നിരക്ക് നൽകി യാത്ര ചെയ്യുന്നത്.
14 മുതൽ 18 മണിക്കൂർ വരെയാണ് ഇപ്പോൾ യാത്രാസമയം. നേരിട്ടുള്ള സർവീസ് വന്നാൽ ഒമ്പതു മുതൽ 10 മണിക്കൂർകൊണ്ട് കേരളത്തിലെത്താനാവും. നിരക്കിലും കുറവുണ്ടാകും.തുടക്കത്തിൽ ആഴ്ചയിൽ മൂന്ന് സർവീസ് എന്ന നിർദേശമാണ് മുന്നോട്ടു വച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.