അധിനിവേശ യുക്രെയ്നിൽ ആക്രമണം: 25 മരണം
Monday, January 22, 2024 12:31 AM IST
മോസ്കോ: റഷ്യൻ അധിനിവേശ യുക്രെയ്നിലെ മാർക്കറ്റിൽ യുക്രെയ്ൻ സേന നടത്തിയ ഷെല്ലാക്രമണത്തിൽ കുറഞ്ഞത് 25 പേർ കൊല്ലപ്പെട്ടതായി റഷ്യൻവൃത്തങ്ങൾ അറിയിച്ചു. 20 പേർക്കു പരിക്കേറ്റിട്ടുണ്ട്. യുദ്ധമുന്നണിയിൽനിന്ന് 20 കിലോമീറ്റർ അകലെയുള്ള ഡോണറ്റ്സ്ക് നഗരത്തിലാണ് ആക്രമണമുണ്ടായത്. റഷ്യൻ അനുകൂലികളുടെ ശക്തികേന്ദ്രമാണ് നഗരം.
ഡോണറ്റ്സ്കും ലുഹാൻസ്കും ഉൾപ്പെടുന്ന കിഴക്കൻ യുക്രെയ്ൻ മേഖല 2014ൽ റഷ്യ പിടിച്ചെടുത്തതാണ്. റഷ്യയും യുക്രെയ്നും തമ്മിൽ ഉഗ്രയുദ്ധം നടക്കുന്ന മരിൻക, അവ്ഡിവ്ക പട്ടണങ്ങൾ ഡോണറ്റ്സ്ക് നഗരത്തിനടുത്താണ്.
റഷ്യൻ തുറമുഖത്ത് സ്ഫോടനം
റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗ് നഗരത്തിനടുത്ത് പ്രകൃതിവാതക കയറ്റുമതി ടെർമിനലിൽ സ്ഫോടനവും തീപിടിത്തവും. യുക്രെയ്ൻ സേന ഡ്രോൺ ആക്രമണം നടത്തിയതാണെന്നു സംശയിക്കുന്നു.
സെന്റ് പീറ്റേഴ്സ്ബർഗിൽനിന്ന് 165 കിലോമീറ്റർ അകലെയുള്ള തുറമുഖത്തായിരുന്നു സംഭവം. റഷ്യയിലെ രണ്ടാമത്തെ വലിയ പ്രകൃതിവാതക ഉത്പാദകരായ നൊവാടെക്കിന്റെ ടെർമിനലിൽ രണ്ടു സ്ഫോടനങ്ങളുണ്ടായി.
വൻ തീപിടിത്തം ഉണ്ടായെങ്കിലും വൈകാതെ അണയ്ക്കാൻ കഴിഞ്ഞുവെന്നു റഷ്യ അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. ടെർമിനലിന്റെ പ്രവർത്തനം നിർത്തിവച്ചതായി നൊവാടെക് അറിയിച്ചു. സ്ഫോടന സ്ഥലത്തിനടുത്ത് രണ്ടു ഡ്രോണുകൾ പറക്കുന്നതു കണ്ടതായി പ്രദേശവാസികൾ മാധ്യമങ്ങളോടു പറഞ്ഞു.
വ്യാഴാഴ്ച സെന്റ് പീറ്റേഴ്സ്ബർഗിലെ എണ്ണക്കയറ്റുമതി ടെർമിനലിനു നേർക്കും വെള്ളിയാഴ്ച ബ്രിയാൻസ്ക് നഗരത്തിലെ എണ്ണ സംഭരണകേന്ദ്രത്തിനു നേർക്കും യുക്രെയ്ൻ സേന ഡ്രോൺ ആക്രമണം നടത്തിയിരുന്നു.