ചൈനയിൽനിന്നു മാലദ്വീപിലേക്കു കൂടുതൽ ടൂറിസ്റ്റുകളെ അയയ്ക്കണമെന്ന് പ്രസിഡന്റ് മുയിസു
Wednesday, January 10, 2024 2:34 AM IST
ബെയ്ജിംഗ്: തന്റെ രാജ്യത്തേക്ക് കൂടുതൽ ടൂറിസ്റ്റുകളെ അയയ്ക്കണമെന്ന് ചൈനയോട് അഭ്യർഥിച്ച് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. അഞ്ചു ദിവസത്തെ ചൈനാ സന്ദർശനത്തിനെത്തിയതാണു മുയിസു.
മാലദ്വീപ് മന്ത്രിമാരുടെ നരേന്ദ്ര മോദിവിരുദ്ധ പരാമർശങ്ങളുടെ പേരിൽ ഇന്ത്യ-മാലദ്വീപ് ബന്ധം വഷളായ പശ്ചാത്തലത്തിലാണ് കൂടുതൽ വിനോദസഞ്ചാരികളെ അയയ്ക്കണമെന്ന് ചൈനയോട് മുയിസു അഭ്യർഥിച്ചത്. മാലദ്വീപിൽ സംയോജിത ടൂറിസം സോൺ വികസിപ്പിക്കുന്നതിന് അഞ്ചു കോടി ഡോളറിന്റെ കരാറിൽ മാലദ്വീപും ചൈനയും ഒപ്പുവച്ചു.
മാലദ്വീപ് അസോസിയേഷൻ ഓഫ് ടൂറിസം ഇൻഡസ്ട്രി(എംഎടിഐ) മോദിക്കെതിരേയുള്ള പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ചു. 2023ൽ മാലദ്വീപിലെത്തിയ വിനോദസഞ്ചാരികളിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യയാണ്. 2,09,198 വിനോദസഞ്ചാരികളാണ് മാലദ്വീപ് സന്ദർശിച്ചത്.
റഷ്യ(2,09,146) രണ്ടാം സ്ഥാനത്തും ചൈന(1,87,118) മൂന്നാം സ്ഥാനത്തുമാണ്. 2022ൽ 2,40,000 ഇന്ത്യക്കാർ മാലദ്വീപ് സന്ദർശിച്ചിരുന്നു. കോവിഡിനു മുന്പ് മാലദ്വീപിലെത്തുന്നവരിൽ മുന്നിലുണ്ടായിരുന്നത് ചൈനയായിരുന്നു.