ആദിപുരുഷ് സിനിമയ്ക്കെതിരേ നേപ്പാൾ; കാഠ്മണ്ഡുവിൽ പ്രദർശനവിലക്ക്
Tuesday, June 20, 2023 12:21 AM IST
കാഠ്മണ്ഡു: ബോളിവുഡ് സിനിമയായ ‘ആദിപുരുഷി’നെതിരേ നേപ്പാൾ. രാമായണത്തിൽനിന്നു പ്രചോദനമുൾക്കൊണ്ടു നിർമിച്ച സിനിമയിൽ രാഘവ്, ജാനകി, ലങ്കേഷ് എന്നീ മുഖ്യകഥാപാത്രങ്ങളാണുള്ളത്.
ജാനകിയെ ഇന്ത്യൻ പുത്രി എന്നു വിളിക്കുന്നതാണു നേപ്പാളുകാരെ ചൊടിപ്പിക്കുന്നത്. രാമായണത്തിലെ സീതയുടെ ജന്മസ്ഥലം നേപ്പാളിലെ ജനക്പൂരാണെന്നാണ് അവിടത്തുകാരുടെ വാദം. നേപ്പാൾ ജനസംഖ്യയിൽ 80 ശതമാനവും ഹൈന്ദവരാണ്.
തലസ്ഥാനമായ കാഠ്മണ്ഡുവിലും പൊഖാര നഗരത്തിലും ആദിപുരുഷ് പ്രദർശിപ്പിക്കരുതെന്ന് മേയർമാരായ ബാലേന്ദ്ര ഷായും ധൻരാജ് ആചാര്യയും നിർദേശിച്ചു. ഇന്ത്യൻ പുത്രി എന്ന ഡയലോഗ് മാറ്റാതെ ഒറ്റ ബോളിവുഡ് ചിത്രംപോലും കാഠ്മണ്ഡുവിലെ തിയറ്ററുകളിൽ ഓടിക്കേണ്ടെന്നാണു പറഞ്ഞിരിക്കുന്നത്.
ആരുടെയും വികാരം വൃണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നാണ് ചിത്രത്തിന്റെ നിർമാതാക്കളായ ടി-സീരീസ് വിശദീകരിക്കുന്നത്. വെള്ളിയാഴ്ച 6,000 തിയറ്ററുകളിൽ പ്രദർശനമാരംഭിച്ച ചിത്രം വലിയ വിജയമാണെന്നാണു നിർമാതാക്കളുടെ അവകാശവാദം. എന്നാൽ ചിത്രത്തിലെ ഗ്രാഫിക്സ് സീനുകൾ നിലവാരമില്ലാത്തതാണെന്നു വിമർശകർ പറയുന്നു.