മോദിയുടെ മണിപ്പുർ സന്ദർശനം പ്രഹസനം: കോണ്ഗ്രസ്
Sunday, September 14, 2025 2:01 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നു മണിക്കൂർ നേരത്തേക്കുള്ള മണിപ്പുർ സന്ദർശനം കാരുണ്യമല്ല മറിച്ചു പ്രഹസനമാണെന്ന് കോണ്ഗ്രസ് അധ്യക്ഷനും രാജ്യസഭ പ്രതിപക്ഷനേതാവുമായ മല്ലികാർജുൻ ഖാർഗെ.
ഇംഫാലിലും ചുരാചന്ദ്പുരിലും പ്രധാനമന്ത്രി നടത്തിയ റോഡ് ഷോ ദുരിതാശ്വാസ ക്യാന്പുകളിലെ ആളുകളുടെ നിലവിളി കേൾക്കുന്നതിൽനിന്നുള്ള രക്ഷപ്പെടൽ മാത്രമാണെന്നും ഖാർഗെ കുറ്റപ്പെടുത്തി.
864 ദിവസത്തെ അക്രമത്തിൽ 300 ജീവനുകൾ നഷ്ടപ്പെട്ടു. 67,000 പേരാണു കുടിയിറക്കപ്പെട്ടത്. 1500 ലധികം ആളുകൾക്കു പരിക്കേറ്റു. ഇതെല്ലം നടന്നതിനുശേഷം പ്രധാനമന്ത്രി നടത്തിയത് 46 വിദേശയാത്രകളാണ്. തന്റെ പൗരന്മാരോടു സഹതാപം പ്രകടിപ്പിക്കാനുള്ള ഒരു സന്ദർശനംപോലും ഇതിനിടയിൽ നടത്താൻ മോദി തയാറായില്ല.
തെരഞ്ഞെടുപ്പു പ്രചാരണത്തിനായി 2022 ജനുവരിയിലാണ് പ്രധാനമന്ത്രി അവസാനമായി മണിപ്പുരിൽ എത്തിയത്.
അതിനുശേഷം ഇരട്ട എൻജിൻ സർക്കാർ നിരപരാധികളെ അടിച്ചമർത്തിയെന്നും ഖാർഗെ സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിൽ ആരോപിച്ചു.
ഇപ്പോൾ നടത്തിയ സന്ദർശനം സംസ്ഥാനത്ത് സമാധാനം എത്തിക്കുക എന്ന ശ്രമത്തിന്റെ ഭാഗമല്ലെന്നും സ്വന്തം പ്രശസ്തിക്കുവേണ്ടി നടത്തിയ ഒരു ചടങ്ങ് മാത്രമാണെന്നും ഖാർഗെ പറഞ്ഞു.