ഡൽഹി, ബോംബെ ഹൈക്കോടതികൾക്ക് വ്യാജ ബോംബ് ഭീഷണി
Saturday, September 13, 2025 2:32 AM IST
ന്യൂഡൽഹി: വ്യാജ ബോംബ് ഭീഷണിയെത്തുടർന്ന് ഡൽഹി, ബോംബെ ഹൈക്കോടതികളിലെ നടപടികൾ തടസപ്പെട്ടു. ഇന്നലെ രാവിലെ നടപടികൾ ആരംഭിച്ചശേഷമാണു ഡൽഹി ഹൈക്കോടതി രജിസ്ട്രിയുടെ ഔദ്യോഗിക ഇ-മെയിലിൽ ബോംബ് ഭീഷണി സന്ദേശം എത്തുന്നത്.
കനിമൊഴി തേവീഡിയ എന്നയാളുടെ പേരിൽ അയച്ച സന്ദേശത്തിൽ ഉച്ചയ്ക്കുശേഷം ബോംബുകൾ പൊട്ടിത്തെറിക്കുമെന്നാണ് പറഞ്ഞിരുന്നത്. തുടർന്ന് ജസ്റ്റീസുമാരുടെ ചേംബറടക്കം കോടതിമുറികൾക്കുള്ളിലും പരിസരത്തുള്ളവരെയും പൂർണമായി ഒഴിപ്പിച്ചു. സമാനമായി ഉച്ചയ്ക്ക് 12.45നാണ് ബോംബെ ഹൈക്കോടതിക്ക് ഭീഷണിസന്ദേശം എത്തുന്നത്.
കോടതിയുടെ ഔദ്യോഗിക ഇ-മെയിലിൽത്തന്നെയാണു സന്ദേശം ലഭിച്ചത്. രണ്ട് ഹൈക്കോടതികളിലും സന്ദേശമെത്തിയത് ഒരേ അഡ്രസിൽനിന്നാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സന്ദേശം ലഭിച്ചതിനെത്തുടർന്ന് കോടതിപരിസരം പൂർണമായും ഒഴിപ്പിച്ച് പോലീസ് പരിശോധന നടത്തി. തുടർന്ന് ഉച്ചകഴിഞ്ഞ് കോടതികൾ പ്രവർത്തനമാരംഭിച്ചു.
ഡൽഹിയിൽ ഈ ആഴ്ചതന്നെ സെക്രട്ടേറിയറ്റ്, മൗലാന ആസാദ് മെഡിക്കൽ കോളജ് , യൂണിവേഴ്സിറ്റി കോളജ് ഓഫ് മെഡിക്കൽ സയൻസ് തുടങ്ങിയ സ്ഥാപനങ്ങൾക്ക് ഒന്നിലധികംതവണ വ്യാജ ബോംബ് ഭീഷണിസന്ദേശങ്ങൾ ലഭിച്ചിരുന്നു. നേരത്തേ നിരവധി സ്കൂളുകൾക്കും കോളജുകൾക്കും നേരേയുള്ള ബോംബ് ഭീഷണി പരന്പരയ്ക്കുശേഷമാണ് വീണ്ടും സന്ദേശമെത്തുന്നത്.