ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
Friday, September 12, 2025 3:48 AM IST
റായ്പുർ: ഛത്തീസ്ഗഡിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 10 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഗാരയാബാദ് ജില്ലയിലെ വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ.
സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗവും ഉന്നത നേതാവുമായ മോദം ബാലകൃഷ്ണയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഛത്തീസ്ഗഡ് പോലീസിലെ സ്പെഷൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്), ജില്ലാ പോലീസിന്റെ ഇ-30, സിആർപിഎഫിന്റെ കോബ്ര ബറ്റാലിയൻ, സംസ്ഥാന പോലീസ് സംഘം എന്നിവയാണ് മാവോയിസ്റ്റ് വേട്ട നടത്തിയത്.
ബാലണ്ണ, രാമചന്ദർ, ഭാസ്കർ എന്നീ പേരുകളിലും അറിയപ്പെടുന്ന ബാലകൃഷ്ണ മാവോയിസ്റ്റ് സംഘടനയുടെ ഒഡീഷ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. 1980കളുടെ തുടക്കത്തിലാണ് ബാലകൃഷ്ണ മാവോയിസ്റ്റ് സംഘടനയിൽ ചേർന്നത്.