ജിഎസ്ടി പരിഷ്കരണം ഓരോ പൗരന്റെയും വിജയമെന്ന് നിർമല സീതാരാമൻ
Monday, September 15, 2025 5:41 AM IST
ചെന്നൈ: രാജ്യത്തെ ജിഎസ്ടി പരിഷ്കരണം ഓരോ പൗരന്റെയും വിജയമാണെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ. ദീപാവലിക്കു മുൻപായി പരിഷ്കരണം നടപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞെങ്കിലും ഓരോ സംസ്ഥാനത്തിനും അവരവരുടേതായ ആഘോഷങ്ങളുണ്ടെന്ന വസ്തുത കണക്കിലെടുത്ത് നേരത്തേ തന്നെ ഇവ പ്രഖ്യാപിക്കാൻ തീരുമാനിച്ചെന്നും അവർ പറഞ്ഞു.
ചെന്നൈ സിറ്റിസൺസ് ഫോറം സംഘടിപ്പിച്ച നികുതി പരിഷ്കരണത്തെ സംബന്ധിച്ച കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു നിർമല സീതാരാമൻ.
“2 ശതമാനം നികുതി ചുമത്തിയിരുന്ന 99 ശതമാനം ഉത്പന്നങ്ങൾക്കും ഇനി അത് അഞ്ച് ശതമാനമായി കുറയും. 2017ൽ ജിഎസ്ടി നടപ്പിലാക്കുന്നതിനു മുൻപ് 66 ലക്ഷം വ്യാപാരികളാണു നികുതി അടച്ചിരുന്നത്. എന്നാൽ, ഇന്ന് 1.5 കോടി വ്യാപാരികൾ ജിഎസ്ടിയുടെ കീഴിലേക്ക് വന്നിരിക്കുന്നു.
അന്ന് രാഹുൽ ഗാന്ധി ജിഎസ്ടിയെ ഗബ്ബർ സിംഗ് ടാക്സ് എന്ന് വിശേഷിപ്പിച്ചിരുന്നെങ്കിലും തങ്ങൾക്ക് ഗുണകരമാകുമെന്ന തിരിച്ചറിവിലാണ് എട്ടു വർഷങ്ങൾക്കിടെ ഇത്രയധികം വ്യാപാരികൾ നികുതി അടയ്ക്കാൻ ഒരുങ്ങിയത്. ഇത് ഭാവിയിൽ വീണ്ടും വർധിക്കും”-മന്ത്രി പറഞ്ഞു.