‘വൻതാര’യ്ക്കെതിരായ ആരോപണം: റിപ്പോർട്ട് സമർപ്പിച്ചു
Sunday, September 14, 2025 2:01 AM IST
ന്യൂഡൽഹി: റിലയൻസ് ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള മൃഗസംരക്ഷണ പുനരധിവാസകേന്ദ്രമായ ‘വൻതാര’യ്ക്കെതിരായ ആരോപണം അന്വേഷിക്കാൻ സുപ്രീംകോടതി ചുമതലപ്പെടുത്തിയ പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ചു.
പെൻഡ്രൈവിൽ ഉൾപ്പെടെയുള്ള വിവരങ്ങൾ മുദ്രവച്ച കവറിലാണു സുപ്രീംകോടതി മുൻ ജഡ്ജി ജെ. ചെലമേശ്വറിന്റെ അധ്യക്ഷതയിലുള്ള അന്വേഷണസംഘം ജസ്റ്റീസുമാരായ പങ്കജ് മിത്തൽ, പി.ബി. വരാലെ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് മുന്പാകെ സമർപ്പിച്ചത്.
‘വൻതാര’യ്ക്കെതിരേ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ കഴിഞ്ഞ മാസം 25നാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും മൃഗങ്ങളെ, പ്രത്യേകിച്ച് ആനകളെ വാങ്ങുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ, 1972 വന്യജീവി സംരക്ഷണനിയമം, വംശനാശഭീഷണി നേരിടുന്ന സസ്യ-ജന്തുജാലങ്ങളുടെ കൈമാറ്റം സംബന്ധിച്ച അന്താരാഷ്ട്ര കരാറുകൾ, മൃഗസംരക്ഷണം, അവയുടെ പരിചരണം തുടങ്ങി വിവിധ വിഷയങ്ങളിൽ പ്രത്യേക സംഘം അന്വേഷണം നടത്തി.
‘വൻതാര’യ്ക്കു പിന്നിൽ വലിയ അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും നടക്കുന്നുണ്ടെന്നാരോപിച്ചാണു ഹർജിക്കാർ കോടതിയെ സമീപിച്ചത്. കൂടാതെ വിദേശരാജ്യങ്ങളിൽനിന്നുൾപ്പെടെയുള്ള വന്യമൃഗങ്ങളെ നിയമവിരുദ്ധമായി കൈവശം വച്ചു, സാന്പത്തിക ക്രമക്കേട്, മൃഗങ്ങളോട് ക്രൂരമായി പെരുമാറുന്നു തുടങ്ങിയ ആരോപണങ്ങളും ‘വൻതാര’യ്ക്കെതിരേ ഉയർന്നിരുന്നു.
കഴിഞ്ഞ മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഗുജറാത്തിലെ ജാംനഗറിലുള്ള ‘വൻതാര’ ഉദ്ഘാടനം ചെയ്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും പരിക്കേറ്റതോ ശാരീരിക വൈകല്യങ്ങളുള്ളതോ ആയ വന്യജീവികളെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനി പദ്ധതി ആരംഭിച്ചത്.