ഭിന്നശേഷിക്കാർക്ക് ജനറൽ സീറ്റുകൾ നിഷേധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി
Saturday, September 13, 2025 2:32 AM IST
ന്യൂഡൽഹി: മത്സരപരീക്ഷകളിൽ സംവരണവിഭാഗത്തിലെ യോഗ്യതാമാർക്കിനേക്കാൾ ഉയർന്ന സ്കോർ നേടുന്ന ഭിന്നശേഷിക്കാർക്ക് ജനറൽ സീറ്റുകൾ നിഷേധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി.
ഇത്തരം സമീപനം 2016 ലെ വികലാംഗ അവകാശ നിയമത്തിന്റെ ഉദ്ദേശ്യത്തെ ഇല്ലാതാക്കുന്നതായി ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
പൊതുവിഭാഗത്തിൽ പരീക്ഷയെഴുതുന്നവർക്ക് ഏർപ്പെടുത്തിയ കട്ട് ഓഫ് മാർക്കിനേക്കാൾ അധികം ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ആരെങ്കിലും നേടിയാൽ അത്തരക്കാരെ ജനറൽ വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്നു വ്യക്തമാക്കാനും കേന്ദ്രസർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. മറുപടി അടുത്ത മാസം 14ന് സമർപ്പിക്കണം.
വൈകല്യമുള്ളവരുടെ അവകാശങ്ങൾ സംബന്ധിച്ച 2016ലെ നിയമം നടപ്പാക്കുന്നുണ്ടോയെന്നു നിരീക്ഷിക്കാൻ രാജ്യത്തെ എട്ട് ദേശീയ നിയമ സർവകലാശാലകളെ നിയോഗിക്കുകയും ചെയ്തു. റിപ്പോർട്ട് ആറു മാസത്തിനുള്ളിൽ സമർപ്പിക്കാനും കോടതി ഉത്തരവിട്ടു.