ഭാര്യയെ വെടിവച്ചു കൊന്ന യുവാവിനെ കണ്ണീർവാതകം പ്രയോഗിച്ച് പിടികൂടി
Sunday, September 14, 2025 2:01 AM IST
ഭോപ്പാല്‍: യുവാവ് ഭാര്യയെ പട്ടാപ്പകല്‍ നടുറോഡിൽ വെടിവച്ചു കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഗ്വാളിയോര്‍ സ്വദേശിനി നന്ദിനി (28)യാണു കൊല്ലപ്പെട്ടത്. പ്രതിയായ ഭര്‍ത്താവ് അരവിന്ദ് പരിഹാറിനെ(33) പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച വൈകുന്നേരം ഗ്വാളിയോറിലെ രൂപ്സിംഗ് സ്റ്റേഡിയത്തിനു സമീപത്തായിരുന്നു നാട്ടുകാരെ ഞെട്ടിച്ച കൊലപാതകം. അരവിന്ദും നന്ദിനിയും ദാമ്പത്യപ്രശ്നങ്ങളെത്തുടര്‍ന്ന് വേര്‍പിരിഞ്ഞായിരുന്നു താമസം.
വെള്ളിയാഴ്ച വൈകുന്നേരം സ്റ്റേഡിയത്തിന് സമീപത്തുകൂടെ നടന്നുവരികയായിരുന്ന ഭാര്യയെ അരവിന്ദ് തടഞ്ഞുനിര്‍ത്തുകയും കൈയില്‍ കരുതിയിരുന്ന തോക്കുകൊണ്ട് വെടിവയ്ക്കുകയുമായിരുന്നു. റോഡില്‍ വീണ യുവതിക്കു സമീപം പ്രതിതോക്കുമായി നിലയുറപ്പിച്ചു. ആളുകള്‍ ഓടിക്കൂടിയപ്പോള്‍ ഇയാള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി.
വിവരമറിഞ്ഞു പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും പ്രതി കൈയില്‍ തോക്കുമായി ഭീഷണി തുടര്‍ന്നു. ആളുകള്‍ക്കുനേരേ വെടിയുതിര്‍ക്കുമെന്നും സ്വയം നിറയൊഴിച്ച് മരിക്കുമെന്നുമായിരുന്നു ഇയാളുടെ ഭീഷണി. ഇതോടെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചശേഷം മല്‍പ്പിടിത്തത്തിലൂടെ പ്രതിയെ കീഴ്പ്പെടുത്തുകയായി രുന്നു.
അരവിന്ദും നന്ദിനിയും പ്രണയിച്ചു വിവാഹം ചെയ്തവരാണ്. അരവിന്ദിനെതിരേ നന്ദിനി പലതവണ പോലീസില്‍ പരാതി നല്‍കുകയും ഇയാള്‍ക്കെതിരേ കേസെടുക്കുകയും അറസ്റ്റിലാകുകയും ചെയ്തിരുന്നു. വിവാഹിതനാണെന്നും മക്കളുണ്ടെന്നുമുള്ള വിവരം മറച്ചുവച്ചാണ് അരവിന്ദ് തന്നെ വിവാഹം ചെയ്തതെന്നും തനിക്കു പീഡനമേൽക്കേണ്ടിവരുന്നുവെന്നും ചൂണ്ടിക്കാട്ടി ഏറ്റവുമൊടുവിൽ കഴിഞ്ഞ ഒന്‍പതിന് യുവതി പോലീസിൽ പരാതി നൽകിയിരുന്നു.