ആഗോള അയ്യപ്പസംഗമത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി
സ്വന്തം ലേഖകൻ
Monday, September 15, 2025 5:41 AM IST
ന്യൂഡൽഹി: സംസ്ഥാനസർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമം തടയണമെന്നാവശ്യപ്പെട്ടു സുപ്രീംകോടതിയിൽ ഹർജി. സംസ്ഥാനസർക്കാർ രാഷ്ട്രീയലക്ഷ്യത്തോടെ നടത്തുന്ന പരിപാടിയാണെന്ന് ആരോപിച്ച് ഡോ.പി. എസ്. മഹേന്ദ്രകുമാർ എന്നയാളാണു ഹർജി നൽകിയത്. ദേവസ്വം ഫണ്ട് ദൈവത്തിന് അവകാശപ്പെട്ടതാണെന്നും രാഷ്ട്രീയപരിപാടികൾക്കായി വിനിയോഗിക്കാൻ അനുവദിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളിൽ ഒന്നാണു മതേതരത്വം. ഏതെങ്കിലുമൊരു മതവിഭാഗത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ സർക്കാരിന് അവകാശമില്ല.
അയ്യപ്പസംഗമം തടഞ്ഞില്ലെങ്കിൽ ഭാവിയിൽ സർക്കാരുകൾക്ക് മതസംഗമങ്ങളുടെ പേരിൽ രാഷ്ട്രീയപരിപാടികൾ നടത്താൻ കഴിയുമെന്നും ഹർജിയിൽ ആരോപിക്കുന്നു. അയ്യപ്പസംഗമം നടത്തുവാൻ ഉദ്ദേശിച്ചിട്ടുള്ള പന്പാനദിയുടെ തീരപ്രദേശം പരിസ്ഥിതിലോല മേഖലയാണെന്നും അവിടെ അയ്യപ്പസംഗമം നടത്തുന്നത് ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുള്ള മുൻ നിർദേശങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ഇന്നു സുപ്രീംകോടതിയിൽ ഉന്നയിച്ചേക്കും.