കോൺഗ്രസ് ഭീകരതയെ പിന്തുണയ്ക്കുന്നു: മോദി
Monday, September 15, 2025 5:41 AM IST
ഗോഹട്ടി: രാജ്യത്തിന്റെ സൈന്യത്തെ പിന്തുണയ്ക്കുന്നതിനു പകരം കോൺഗ്രസ് പാക്കിസ്ഥാൻ വളർത്തുന്ന ഭീകരതയെ പിന്തുണയ്ക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആസാമിലെ ദരാംഗില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നുഴഞ്ഞുകയറ്റക്കാരെയും ദേശവിരുദ്ധ ശക്തികളെയും കോൺഗ്രസ് സംരക്ഷിക്കുകയാണ്.
നുഴഞ്ഞുകയറ്റക്കാർ ഭൂമി പിടിച്ചെടുക്കാനും ജനസംഖ്യയിൽ മാറ്റംവരുത്താനുള്ള ഗൂഢാലോചന നടത്താനും ബിജെപി അനുവദിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. നുഴഞ്ഞുകയറ്റത്തിലൂടെ അതിർത്തി പ്രദേശങ്ങളിലെ ജനസംഖ്യാനുപാതത്തിൽ മാറ്റം വരുത്താനുള്ള ഗൂഢാലോചന നടക്കുന്നുണ്ട്. ഇത് ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നു. അതിനാൽ, രാജ്യവ്യാപകമായ ഒരു ജനസംഖ്യാ കണക്കെടുപ്പ് ആരംഭിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആസാമിൽനിന്നുള്ള പ്രശസ്ത ഗായകൻ ഭൂപൻ ഹസാരികയ്ക്ക് ഭാരതരത്ന നൽകാൻ തീരുമാനിച്ചപ്പോൾ പാട്ടുകാർക്കും നർത്തകർക്കുമാണ് ഭാരതരത്ന നൽകുന്നതെന്നു പറഞ്ഞാണ് മുൻ കോൺഗ്രസ് അധ്യക്ഷൻ ആക്ഷേപിച്ചതെന്ന് മോദി പറഞ്ഞു. 1962ലെ ചൈനീസ് ആക്രമണത്തിൽ നെഹ്റു ആസാം ജനതയ്ക്ക് നൽകിയ മുറിവുകൾ ഇതുവരെ ഉണങ്ങിയിട്ടില്ല. ആ മുറിവിൽ ഉപ്പു തേക്കുകയാണു കോൺഗ്രസിന്റെ ഇപ്പോഴത്തെ തലമുറയെന്നും മോദി കുറ്റപ്പെടുത്തി.