പ്രധാനമന്ത്രി ഇന്ന് മണിപ്പുരിൽ
Saturday, September 13, 2025 2:32 AM IST
ന്യൂഡൽഹി: വംശീയകലാപം പൊട്ടിപ്പുറപ്പെട്ടിട്ട് രണ്ടു വർഷവും നാലു മാസവും പിന്നിടുന്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി കനത്ത സുരക്ഷയോടെ ഇന്നു മണിപ്പുരിൽ.
സംസ്ഥാനത്തിന്റെ വികസനപ്രവർത്തങ്ങൾക്കായി 7300 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി ഇന്നു തറക്കല്ലിടും.
നഗരമേഖലകളിലെ റോഡുകൾ, ഡ്രെയ്നേജ് സംവിധാനം തുടങ്ങിയവയ്ക്കായുള്ള 3600 കോടി രൂപയുടെ പദ്ധതികൾക്കും അഞ്ചു ദേശീയപാതകൾക്കായി 2500 കോടി രൂപയുടെ പദ്ധതികൾക്കുമാണ് പ്രധാനമന്ത്രി ഇന്നു തുടക്കംകുറിക്കുക. 1200 കോടി രൂപയുടെ പൂർത്തീകരിച്ച വികസനപദ്ധതികളും ഉദ്ഘാടനം ചെയ്യും.
മിസോറമിൽ സന്ദർശനം പൂർത്തിയാക്കി ഉച്ചയ്ക്ക് 12.15ന് പ്രധാനമന്ത്രി ചുരാചന്ദ്പുരിലെ ത്തും. കലാപത്തെത്തുടർന്ന് കുടിയിറക്കപ്പെട്ട കുക്കി വിഭാഗത്തിൽപ്പെട്ടവരെ സന്ദർശിക്കുകയും തുടർന്നുള്ള പൊതുപരിപാടിയിൽ വികസനപദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്യും.
ഉച്ചകഴിഞ്ഞ് 2.30ന് തലസ്ഥാനമായ ഇംഫാലിലേക്കു തിരിക്കുന്ന പ്രധാനമന്ത്രി, മെയ്തെയ് വിഭാഗത്തിൽപ്പെട്ട കലാപബാധിതരെ കാണും. തുടർന്നു നടക്കുന്ന പൊതുപരിപാടിയെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും.
പ്രധാനമന്ത്രിയുടെ സന്ദർശനം സംസ്ഥാനത്തെ സമാധാനത്തിലേക്കും സാധാരണ നിലയിലേക്കും എത്തിക്കുന്നതിന് വഴിയൊരുക്കുമെന്ന് ചീഫ് സെക്രട്ടറി പുനീത് കുമാർ ഗോയൽ പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
അതേസമയം, പ്രധാനമന്ത്രിയുടെ മണിപ്പുർ സന്ദർശനത്തെ ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി സ്വാഗതം ചെയ്തു. മണിപ്പുരിലെ പ്രശ്നം കാലങ്ങളായി തുടരുകയാണ്. പ്രധാനമന്ത്രിയുടെ മണിപ്പുർ സന്ദർശനം നല്ല തീരുമാനമായി കരുതുന്നുവെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു.
എന്നാൽ രാജ്യം ഇപ്പോൾ നേരിടുന്ന പ്രധാന വിഷയം വോട്ടുചോർച്ചയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശനം വൈകുന്നതിനെ കോണ്ഗ്രസ് നേരത്തേ വിമർശിച്ചിരുന്നു. 27 മാസമായി മണിപ്പുർ അശാന്തമാണെന്നും എന്നാൽ അദ്ദേഹത്തിന്റെ സന്ദർശനസമയം വെറും മൂന്നു മണിക്കൂർ മാത്രമാണെന്നും കോണ്ഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പ്രതികരിച്ചിരുന്നു.