ഉത്തർപ്രദേശിൽ വന്യജീവി ആക്രമണങ്ങൾ വർധിക്കുന്നു
Saturday, September 13, 2025 2:32 AM IST
ബഹ്റൈച്ച്: ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ രണ്ടിടത്ത് വന്യജീവിയാക്രമണമുണ്ടായത് ജനങ്ങളെ പരിഭ്രാന്തരാക്കി.
ചെന്നായ്ക്കളാണ് ആക്രമണങ്ങൾ നടത്തിയതെന്ന് നാട്ടുകാർ പറയുന്നുണ്ടെങ്കിലും വനം വകുപ്പ് ഇത് സ്ഥിരീകരിച്ചിട്ടില്ല. ആദ്യത്തെ സംഭവത്തിൽ, ദിനേശ് തിവാരി എന്നയാളുടെ കുട്ടിയെയാണ് കാണാതായത്. അമ്മയോടൊപ്പം വീടിന്റെ വരാന്തയിൽ കിടന്നുറങ്ങിയിരുന്ന കുഞ്ഞിന്റെ മൃതദേഹാവശിഷ്ടങ്ങൾ പിന്നീട് വംവകുപ്പ് ഉദ്യാഗസ്ഥർ നടത്തിയ തെരച്ചിലിൽ വനത്തിനുള്ളിൽനിന്നു കണ്ടെത്തി.
രണ്ടാമത്തെ സംഭവത്തിൽ, കൈസർഗഞ്ച് താലൂക്കിൽ പശുവിനു തീറ്റകൊടുക്കുകയായിരുന്ന 60 വയസുള്ള ശിവ് പ്യാരി എന്ന സ്ത്രീയെ അജ്ഞാതജീവി ആക്രമിക്കുകയായിരുന്നു. ചികിത്സയിൽ കഴിയുന്ന ഇവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരികയാണെന്നു കുടുംബാംഗങ്ങൾ അറിയിച്ചു.
ഓഗസ്റ്റ് 18നും ഈ മാസം 12നും ഇടയിൽ പ്രദേശത്ത് നടന്ന ഏഴോളം സമാനസംഭവങ്ങളിൽ രണ്ട് കുട്ടികൾ കൊല്ലപ്പെടുകയും അഞ്ച് ഗ്രാമീണർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക വിവരം.