ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണൻ ചുമതലയേറ്റു
Saturday, September 13, 2025 2:32 AM IST
ന്യൂഡൽഹി: രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണൻ ചുമതലയേറ്റു. രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ഇംഗ്ലീഷിലായിരുന്നു സത്യപ്രതിജ്ഞ.
ഇന്നലെ രാവിലെ പത്തിന് രാഷ്ട്രപതി ഭവനിലെ ഗണതന്ത്ര മണ്ഡപത്തിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അമിത് ഷാ, നിതിൻ ഗഡ്കരി, ജെ.പി. നഡ്ഡ, ലോക്സഭ സ്പീക്കർ ഓം ബിർള, സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ പങ്കെടുത്തു.
ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരണ് മാജ്ഹി, കർണാടക ഗവർണർ താവർചന്ദ് ഗെഹ്ലോട്ട്, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, പഞ്ചാബ് ഗവർണർ ഗുലാബ് ചന്ദ് കടാരിയ, ജാർഖണ്ഡ് ഗവർണർ സന്തോഷ് ഗാംഗ്വാർ, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
ശ്രദ്ധേയ സാന്നിധ്യമായി ജഗ്ദീപ് ധൻകർ

അപ്രതീക്ഷിതവും ദുരൂഹവുമായ രാജിക്കുശേഷം മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പങ്കെടുത്ത ആദ്യ പൊതുപരിപാടിയായിരുന്നു ഇന്നലെ നടന്ന സത്യപ്രതിജ്ഞാചടങ്ങ്.
മുൻ ഉപരാഷ്ട്രപതിമാരെ ക്ഷണിക്കണമെന്ന കീഴ്വഴക്കത്തെത്തുടർന്ന് ധൻകറിനു പുറമെ മുൻ ഉപരാഷ്ട്രപതിമാരായ വെങ്കയ്യ നായിഡു, ഹമീദ് അൻസാരി തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു. സ്ഥാനമൊഴിഞ്ഞശേഷം ധൻകർ ഏറെക്കുറെ അപ്രത്യക്ഷനായിരുന്നു.
ആരോഗ്യകാരണങ്ങളാണു രാജിക്കു കാരണമെന്ന് വ്യക്തമാക്കിയെങ്കിലും പൂർണ ആരോഗ്യവാനായാണ് ഭാര്യക്കൊപ്പം അദ്ദേഹം ചടങ്ങിൽ പങ്കെടുത്തത്. ഔദ്യോഗിക വസതി ഒഴിഞ്ഞതിനുശേഷം ഡൽഹി എ.പി.ജെ. അബ്ദുൾകലാം റോഡിലെ ടൈപ്പ് 8 ബംഗ്ലാവ് അദ്ദേഹത്തിന് അനുവദിച്ചതായാണു സൂചന.