“രാജ്യത്ത് ദിവസവും ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ!”
Friday, September 12, 2025 3:48 AM IST
ന്യൂഡൽഹി: രാജ്യത്ത് ക്രൈസ്തവർക്കുനേരേയുള്ള ആക്രമണം വർധിച്ചുവരികയാണെന്ന് സിബിസിഐ പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്.
ഈ വർഷം ജനുവരി മുതൽ ജൂണ്‍ വരെ 378 ക്രൈസ്തവർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമിക്കപ്പെട്ടു. 2014ൽ ക്രൈസ്തവർക്കെതിരായ അക്രമങ്ങൾ 127 ആയിരുന്നു. എന്നാൽ, 2024 ആകുന്പോൾ അത് 834 ആയി വർധിച്ചു. ദിവസം ശരാശരി രണ്ട് ആക്രമണങ്ങൾ സംഭവിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രത്യാശയുടെ തീർഥാടകരാകുക എന്ന പ്രമേയവുമായി ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്ത ക്രിസ്തുജയന്തി 2025 ദേശീയ ആഘോഷത്തിന്റെയും ഒന്നാം നിഖ്യാ കൗണ്‍സിലിന്റെ 1700-ാം വാർഷികാഘോഷത്തിന്റെയും ഭാഗമായി ഡൽഹി സിബിസിഐ ആസ്ഥാനത്തു നടന്ന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കവേയായിരുന്നു മാർ ആൻഡ്രൂസ് താഴത്ത് ആശങ്ക പ്രകടിപ്പിച്ചത്.
ഭരണഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. രാഷ്ട്ര നിർമിതിക്ക് ക്രൈസ്തവസമൂഹവും മിഷണറിമാരും നൽകിയ സംഭാവനകൾ വലുതാണ്. അക്രമങ്ങൾ വർധിക്കുന്പോഴും ക്രൈസ്തവർ വിശ്വാസം മുറുകെപ്പിടിക്കുകയാണെന്നും മാർ ആൻഡ്രൂസ് താഴത്ത് ചൂണ്ടിക്കാട്ടി.
സമാധാനം കാത്തുസൂക്ഷിക്കാനും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും രാജ്യം തുടക്കം മുതലേ മുൻകൈയെടുത്തിട്ടുണ്ടെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി പറഞ്ഞു.
സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, ഡൽഹി ആർച്ച്ബിഷപ് ഡോ. അനിൽ തോമസ് കൂട്ടോ തുടങ്ങി അന്‍പതോളം ബിഷപ്പുമാർ പങ്കെടുത്തു.
വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ, സന്യസ്തർ, സമൂഹത്തിലെ പ്രമുഖ വ്യക്തികൾ തുടങ്ങിയവർ പരിപാടിക്കെത്തിയിരുന്നു. അപ്പസ്തോലിക നുണ്‍ഷ്യോ ലെയോപോൾദോ ജിറെല്ലിയുടെ കാർമികത്വത്തിൽ ബിഷപ്പുമാരടക്കം പങ്കെടുത്ത വിശുദ്ധ കുർബാനയോടെയാണ് ആഘോഷ പരിപാടികൾ സമാപിച്ചത്.