കാലാവസ്ഥാനീതിയിലേക്ക് ശ്രദ്ധ പതിയണം: മേധാ പട്കർ
Sunday, September 14, 2025 2:01 AM IST
കൽപ്പറ്റ: കാലാവസ്ഥാനീതിയിലേക്ക് അധികാരികളുടെ ശ്രദ്ധ പതിയണമെന്ന് വിഖ്യാത പരിസ്ഥിതി പ്രവർത്തക മേധാ പട്കർ.
ലോലമായ പ്രദേശത്തെയും ആവാസവ്യവസ്ഥയുടെ ഭാഗമായ എല്ലാ പ്രകൃതി വിഭവങ്ങളെയും തകർക്കുന്നത് അവസാനിപ്പിക്കണം. വികസന ആസൂത്രണത്തിന്റെ വികേന്ദ്രീകരണവും സുസ്ഥിരതയ്ക്കും നീതിക്കും വേണ്ടിയുള്ള ഇടപെടലുകളും വികസന മാതൃകകളിൽ മാറ്റം വരുത്താതെ സാധ്യമല്ലെന്നും മേധാ പട്കർ പറഞ്ഞു.
ട്രാൻസിഷൻ സ്റ്റഡീസും പശ്ചിമഘട്ട സംരക്ഷണ സമിതിയും സംയുക്തമായി രൂപീകരിച്ച ജനകീയ ശാസ്ത്ര പഠന സമിതി പുഞ്ചിരിമട്ടം ഉരുൾ ദുരന്തവുമായി ബന്ധപ്പെട്ട് പുസ്തകരൂപത്തിൽ തയാറാക്കിയ റിപ്പോർട്ടിന്റെ പ്രകാശനത്തിന് ട്രിഡന്റ് ആർക്കേഡ് ഹാളിൽ സംഘടപ്പിച്ച ചടങ്ങ് ഓണ്ലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
വയനാട്ടിലെ മേപ്പാടി പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ പ്രകൃതിദുരന്തമല്ല. മനുഷ്യനിർമിതമോ ഭരണകൂട നിർമിതമോ ആയ ദുരന്തമാണ്. വിലയേറിയ നൂറുകണക്കിനു മനുഷ്യജീവനുകളാണ് ദുരന്തത്തിൽ നഷ്ടമായത്.
പരിസ്ഥിതി സംരക്ഷണത്തെ അവഗണിച്ചതിനും ഭൂനിയമങ്ങൾ നടപ്പാക്കാത്തതിനും പ്രകൃതി തിരിച്ചടിക്കാൻ തുടങ്ങിയിരിക്കയാണ്. വയനാട്ടിലെ സവിശേഷ പ്രദേശങ്ങൾ വികസന മേഖലകളായല്ല, സംരക്ഷണ മേഖലകളായാണ് പ്രഖ്യാപിക്കേണ്ടത്. ജില്ലയിൽ വനനശീകരണം അവസാനിപ്പിക്കുകയും വനവത്കരണം ത്വരിതപ്പെടുത്തുകയും ചെയ്യണം.
പരിസ്ഥിതി സംരക്ഷണത്തിന് സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികളിൽ പലതും പ്രാവർത്തികമാകുന്നില്ല. ചെങ്കുത്തായ പ്രദേങ്ങളിൽ ടൂറിസത്തിന്റെയോ ഭവനനിർമാണത്തിന്റെയോ പേരിൽ പ്രവൃത്തികൾ നടത്തരുത്.
ദുർബല പ്രദേശങ്ങളിലെ നിർമാണങ്ങൾ ഭൂഗർഭ ജലത്തെയും ഉപരിതല ജലസ്രോതസുകളെയും ബാധിക്കുന്നതിനെക്കുറിച്ച് ആഴമുള്ള പഠനം ആവശ്യമാണ്. ആനക്കാംപൊയിൽ-കള്ളാടി തുരങ്ക പാത നിർമാണം ജലസ്രോതസുകളെയും പ്രവാഹങ്ങളെയും എങ്ങനെ ബാധിക്കുമെന്ന് കേരള സർക്കാർ ഗൗരവത്തോടെ പഠിച്ചിട്ടില്ലെന്നാണ് മനസിലാക്കുന്നതെന്നും മേധാ പട്കർ പറഞ്ഞു.
പശ്ചിമഘട്ട സംരക്ഷണ സമിതി ചെയർമാൻ വർഗീസ് വട്ടേക്കാട്ടിൽ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകനും റിസ്ക് അനലിസ്റ്റുമായ സാഗർ ധാര റിപ്പോർട്ട് പ്രകാശനം ചെയ്തു. സാമൂഹിക വിമർശകനും രാഷ്ട്രീയ നിരീക്ഷകനുമായ ജോസഫ് സി. മാത്യു ആദ്യ പ്രതി സ്വീകരിച്ചു.