വോട്ട് കൊള്ള: വേണ്ടത് അന്വേഷണമെന്ന് ഖുറേഷി
സ്വന്തം ലേഖകൻ
Monday, September 15, 2025 5:41 AM IST
ന്യൂഡൽഹി: വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കെതിരേയുള്ള ആരോപണങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച തണുപ്പൻ സമീപനത്തെ വിമർശിച്ച് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ. ഖുറേഷി. ആരോപണം മുഖ്യധാരയിൽ ഉയർത്തിക്കാട്ടിയ ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കെതിരേ ആക്ഷേപകരവും നിന്ദ്യവുമായ ഭാഷയിൽ ആക്രോശിക്കുന്നതിനുപകരം അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിടേണ്ടതായിരുന്നുവെന്ന് ഖുറേഷി പറഞ്ഞു.
ആരോപണങ്ങളെ രാഹുൽ"ഹൈഡ്രജൻ ബോംബി’നോട് ഉപമിച്ചതു "രാഷ്ട്രീയ അലങ്കാരവാക്ക്’ മാത്രമാണെങ്കിലും അദ്ദേഹം ഉന്നയിച്ച പരാതികളിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് വാർത്താ ഏജൻസിയായ പിടിഐക്കു നൽകിയ അഭിമുഖത്തിൽ ഖുറേഷി ചൂണ്ടിക്കാട്ടി.
ബിഹാറിൽ വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണം നടപ്പിലാക്കിയ രീതിയെയും ഖുറേഷി വിമർശിച്ചു. ബിഹാറിലെ എസ്ഐആർ നടപടിയിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷൻ "പണ്ടോറയുടെ പെട്ടി’തുറക്കുക മാത്രമല്ല ചെയ്തതെന്നും തേനീച്ചക്കൂട്ടിൽ അവർ കൈയിട്ടു കഴിഞ്ഞുവെന്നും ഉറപ്പായും വേദനിക്കുമെന്നും ഖുറേഷി പറഞ്ഞു. പ്രതിപക്ഷപാർട്ടികൾക്കു നൽകുന്ന ലാളന അധികാരത്തിലിരിക്കുന്ന പാർട്ടികൾക്കു നൽകേണ്ടെന്നും താനെപ്പോഴും പ്രതിപക്ഷപാർട്ടികൾക്കാണു മുൻഗണന നൽകിയിരുന്നതെന്നും ഖുറേഷി അഭിപ്രായപ്പെട്ടു.
വോട്ടർപട്ടികയിൽ പേരു ചേർക്കാൻ ആവശ്യമായ രേഖകളിൽനിന്നു വോട്ടർ തിരിച്ചറിയൽ കാർഡ് ഒഴിവാക്കിയതിലെ യുക്തിയെ സംബന്ധിച്ച ചോദ്യത്തിനു വോട്ടർ തിരിച്ചറിയൽ കാർഡ് തെരഞ്ഞെടുപ്പ് കമ്മീഷൻതന്നെ പുറപ്പെടുവിച്ചതാണെന്നും അതു സ്വീകരിക്കാത്തതിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നുമായിരുന്നു ഖുറേഷിയുടെ മറുപടി.