സിബി ജോർജ് വിദേശകാര്യമന്ത്രാലയം സെക്രട്ടറിയായി ചുമതലയേറ്റു
Monday, September 15, 2025 5:41 AM IST
ന്യൂഡൽഹി: ജപ്പാനിലെ ഇന്ത്യൻ അംബാസഡറായിരുന്ന സിബി ജോർജ് വിദേശകാര്യ മന്ത്രാലയത്തിന്റെ പടിഞ്ഞാറൻ മേഖലയുടെ സെക്രട്ടറിയായി ചുമതലയേറ്റു.
ഇന്ത്യ-ജപ്പാൻ നയതന്ത്രബന്ധത്തിൽ നിർണായക നാഴികക്കല്ലുകൾ സൃഷ്ടിച്ചതിനുശേഷമാണ് വിദേശകാര്യമന്ത്രാലയത്തിന്റെ സെക്രട്ടറിയായി മലയാളിയായ സിബി ജോർജ് ചുമതലയേൽക്കുന്നത്. “ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ശക്തമായ പാലം’’എന്നാണ് ജപ്പാൻ അംബാസഡർ സ്ഥാനത്തുനിന്ന് പടിയിറങ്ങുന്ന അവസരത്തിൽ സിബി ജോർജിനെ ജപ്പാൻ വിദേശകാര്യ മന്ത്രി തകേഷി ഇവായ വിശേഷിപ്പിച്ചത്. മുന്പ് സ്വിറ്റ്സർലൻഡ്, വത്തിക്കാൻ, ലിച്ചെൻസ്റ്റൈൻ, കുവൈറ്റ്, റിപ്പബ്ലിക് ഓഫ് മാർഷൽ ഐലൻഡ്സ് എന്നിവിടങ്ങളിലും ഇന്ത്യയുടെ അംബാസഡറായി സേവനമനുഷ്ഠിച്ചുള്ള സിബി ജോർജ് കോട്ടയം ജില്ലയിലെ പാലാ സ്വദേശിയും പൊടിമറ്റം കുടുംബാംഗവുമാണ്.
1993ൽ ഇന്ത്യൻ വിദേശകാര്യ സർവീസിൽ ചേർന്ന സിബി ജോർജ് തുർക്കി തലസ്ഥാനമായ അങ്കാറയിലെ മിഷനിൽ പൊളിറ്റിക്കൽ ഓഫീസറായാണു നയതന്ത്രജീവിതം ആരംഭിച്ചത്. ന്യൂഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് കിഴക്കൻ ഏഷ്യ ഡിവിഷനിലും ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടിയുടെ കോ-ഓർഡിനേറ്ററായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2014ൽ ഇന്ത്യൻ വിദേശകാര്യ സേവനത്തിലെ മികവിനുള്ള എസ്.കെ. സിംഗ് അവാർഡ് ലഭിച്ചു. കലാകാരിയായ ജോയ്സ് ജോണ് പാന്പൂരെത്താണു ഭാര്യ. മൂന്നു മക്കളുണ്ട്.