മണിപ്പുർ ധൈര്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും നാട്: മോദി
Sunday, September 14, 2025 2:01 AM IST
ന്യൂഡൽഹി: മണിപ്പുർ തലസ്ഥാനമായ ഇംഫാലിൽ 1,200 കോടി രൂപയുടെ 17 പദ്ധതികൾ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു. ഏകദേശം 7,000 കോടി രൂപയുടെ പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്തു.
ഇംഫാലിലെ മന്ത്രിപുഖ്രിയിൽ 101 കോടി ചെലവിട്ട പുതിയ മണിപ്പുർ പോലീസ് ആസ്ഥാനവും 538 കോടി ചെലവിൽ ഇവിടെ നിർമിച്ച സിവിൽ സെക്രട്ടേറിയറ്റും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഡൽഹിയിലും കോൽക്കത്തയിലും മണിപ്പുർ ഭവനങ്ങളുടെ ഉദ്ഘാടനവും ഇംഫാൽ നദിയുടെ രണ്ടാംഘട്ടത്തിന്റെ പടിഞ്ഞാറൻ ഭാഗത്തെ വികസനവും ഇംഫാലിലെ മാൾ റോഡ് രണ്ടാംഘട്ടവും ഈ 17 പദ്ധതികളുടെ ഭാഗമായിരുന്നു.
ഇംഫാലിൽ സ്ത്രീകളുടെ നാല് മാർക്കറ്റുകൾ, അഞ്ച് സർക്കാർ കോളജുകളുടെ അടിസ്ഥാനസൗകര്യ വികസനം, ഇംഫാൽ വെസ്റ്റ് ജില്ലയിലെ ലെയ്ഷാങ് ഹിഡൻ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് പാർക്ക് വികസനം, ഇംഫാൽജിരിബാം ദേശീയപാത 37നെ ബന്ധിപ്പിക്കുന്ന ഇറാംഗ് നദിക്കു കുറുകേയുള്ള നോണിയിലെ നാലുവരി പാലം, ചുരാചന്ദ്പൂർ ജില്ലയിലെ സായിക്കോട്ട് സിഎച്ച്സിയിൽ സ്റ്റാഫ് ക്വാർട്ടേഴ്സുകൾ അടക്കമുള്ള കെട്ടിടം എന്നിവയാണു മോദി ഉദ്ഘാടനം ചെയ്തത്.
ധൈര്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും നാടാണു മണിപ്പുരെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ജനങ്ങളുടെ പ്രതിരോധശേഷിയെയും ചൈതന്യത്തെയും പ്രശംസിക്കുന്നു. മണിപ്പുരിന്റെ പേരിൽ തന്നെ വിലയേറിയ രത്നമായ ‘മണി’ ഉണ്ട്. ഭാവിയിൽ മുഴുവൻ വടക്കുകിഴക്കൻ മേഖലയും തിളങ്ങാൻ ഈ രത്നം സഹായിക്കും.
മണിപ്പുർ പ്രത്യാശയുടെയും അഭിലാഷത്തിന്റെയും നാടാണ്. നിർഭാഗ്യവശാൽ, മനോഹരമായ ഈ പ്രദേശത്ത് അക്രമം നിഴൽ വീഴ്ത്തിയിരുന്നു. കുറച്ചുകാലം മുന്പ്, ദുരിതാശ്വാസക്യാന്പുകളിൽ താമസിക്കുന്ന ദുരിതബാധിതരെ കണ്ടു.
അതിനുശേഷം, മണിപ്പുരിൽ പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും പുതിയ പ്രഭാതം ഉദിച്ചുയരുന്നുവെന്ന് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും.
കഴിഞ്ഞ 11 വർഷമായി വടക്കുകിഴക്കൻ മേഖലയിലെ നിരവധി സംഘർഷങ്ങളും തർക്കങ്ങളും പരിഹരിക്കപ്പെട്ടു. ആളുകൾ സമാധാനത്തിന്റെ പാത തെരഞ്ഞെടുത്തു. വികസനത്തിന് മുൻഗണന നൽകി. വികസനം വേരൂന്നണമെങ്കിൽ സമാധാനം അത്യാവശ്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഭാരതമാതാവിന്റെ കിരീടം അലങ്കരിക്കുന്ന രത്നമാണു മണിപ്പുർ. മണിപ്പുരിലെ ഏതുതരത്തിലുള്ള അക്രമവും നിർഭാഗ്യകരമാണ്. നമ്മുടെ പൂർവികരോടു മാത്രമല്ല ഭാവി തലമുറകളോടും ചെയ്യുന്ന ഗുരുതരമായ അനീതിയാണ് ഇത്തരം അക്രമങ്ങൾ.
മണിപ്പുരിനെ സമാധാനത്തിന്റെയും വികസനത്തിന്റെയും പാതയിലേക്ക് നമ്മളൊരുമിച്ചു മുന്നോട്ടുകൊണ്ടുപോകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.