സെന്റ് മേരീസ് മെട്രോ സ്റ്റേഷൻ: എതിർപ്പുമായി കർണാടക ബിജെപി
Friday, September 12, 2025 3:48 AM IST
ബംഗളൂരു: ബംഗളൂരു ശിവാജിനഗറിനു സമീപം നിർമിക്കുന്ന മെട്രോ സ്റ്റേഷന് സെന്റ് മേരി എന്ന പേരുനൽകണമെന്ന നിർദേശം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.
അതേസമയം പ്രശ്നത്തിൽ മുഖ്യമന്ത്രിയുടെ നിലപാടിനെ വിമർശിച്ച് ബിജെപിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം രംഗത്തെത്തി. പ്രീണനനിലപാടാണ് ഇത്തരമൊരു വാഗ്ദാനത്തിനു പിന്നിലെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.
ബംഗളൂരു മെട്രോയുടെ പിങ്ക് ലൈനിലാണു നിർദിഷ്ട ശിവാജിനഗർ സ്റ്റേഷൻ. ഇതിന്റെ പേര് സെന്റ് മേരീസ് എന്നാക്കണമെന്ന നിർദേശം സ്വാഗതാർഹമാണെന്നു തിങ്കളാഴ്ച മുഖ്യമന്ത്രി പറഞ്ഞു.
സെന്റ് മേരീസ് ബസിലിക്കയിലെ സന്ദർശനത്തിനിടെയാണ് നിർദേശം ആളുകൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. പ്രദേശത്തെ എംഎൽഎയായ റിസ്വാന് അർഷാദിനോട് ഇക്കാര്യം പറഞ്ഞുവെന്നു പറഞ്ഞ സിദ്ധരാമയ്യ കേന്ദ്രസർക്കാരിനു ശിപാർശ നൽകുമെന്നും അറിയിച്ചു.
അതേസമയം, മതത്തിന്റെ അടിസ്ഥാനത്തിലല്ല മെട്രോ സ്റ്റേഷനു പേര് നൽകേണ്ടതെന്നു ലെജിസ്ലേറ്റീവ് കൗൺസിൽ പ്രതിപക്ഷനേതാവ് ചലവതി നാരായണസ്വാമി പറഞ്ഞു. ശിവാജിനഗറിന്റെ പേര് മാറ്റാൻ സർക്കാർ തയാറെടുക്കുകയാണോ എന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, നിർദേശം ചർച്ചചെയ്യുക മാത്രമാണെന്നും അന്തിമതീരുമാനം എടുത്തിട്ടില്ലെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രതികരിച്ചു.