വിജയ്യുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം
Sunday, September 14, 2025 2:01 AM IST
തിരുച്ചിറപ്പള്ളി: തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്യുടെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികൾക്ക് തിരുച്ചിറപ്പള്ളിയിൽ തുടക്കമായി.
പോലീസിന്റെ കർശനിയന്ത്രണങ്ങളോടെ നടന്ന പരിപാടിയിൽ ആയിരക്കണക്കിന് പ്രവർത്തകരാണ് ആവേശത്തോടെ പങ്കെടുത്തത്.
പ്രചാരണവാഹനത്തിന്റെ മുകളിൽ കയറി പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെ മൈക്ക് ചതിച്ചത് പ്രചാരണപരിപാടിയിൽ കല്ലുകടിയായി. ഇരുപതു മിനിറ്റോളം വിജയ് പ്രസംഗിച്ചുവെങ്കിലും മൈക്കിന്റെ സാങ്കേതിക തകരാർ മൂലം രണ്ടു മിനിറ്റ് സമയത്തെ പ്രസംഗം മാത്രമാണ് ആളുകൾക്ക് വ്യക്തമായി കേൾക്കാനായത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരിന് കഴിഞ്ഞില്ലെന്നായിരുന്നു വിജയ് ഉയർത്തിയ പ്രധാന ആരോപണം.