പാർലമെന്റ് വളപ്പിൽ പ്രതിപക്ഷ-ഭരണപക്ഷ കൈയാങ്കളി
Friday, December 20, 2024 2:16 AM IST
സനു സിറിയക്
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, അംബേദ്കറെക്കുറിച്ച് രാജ്യസഭയിൽ നടത്തിയ പരാമർശത്തെത്തുടർന്നുണ്ടായ പ്രതിപക്ഷ-ഭരണപക്ഷ പ്രതിഷേധങ്ങൾക്കിടെ പാർലമെന്റ് ഇന്നലെ സാക്ഷ്യം വഹിച്ചത് നാടകീയ രംഗങ്ങൾക്ക്.
പ്രതിപക്ഷത്തിനെതിരേ ഭരണകക്ഷി എംപിമാരും രംഗത്തിറങ്ങിയതോടെ പാർലമെന്റ് വളപ്പ് സംഘർഷഭരിതമായി. ബിജെപി എംപിമാരായ മുകേഷ് രജ്പുത്, പ്രതാപ് സാരംഗി എന്നിവരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തള്ളിയിട്ടുവെന്നാരോപിച്ച് ബിജെപി രംഗത്തുവന്നു. ഇരുവരെയും ഡൽഹിയിലെ റാം മനോഹർ ലോഹ്യ (ആർഎംഎൽ) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോണ്ഗ്രസ് അധ്യക്ഷനും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെയെയും പ്രിയങ്ക ഗാന്ധിയെയും ബിജെപി എംപിമാർ പിടിച്ചുതള്ളിയതായും ഇതേത്തുടർന്ന് ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതായും കോണ്ഗ്രസ് ആരോപിച്ചു. പാർലമെന്റിനകത്തും പുറത്തും പ്രതിഷേധം കടുത്തതോടെ ഇരുസഭകളും രണ്ടു തവണ ചേർന്നെങ്കിലും പിരിഞ്ഞു.
അംബേദ്കർ വിഷയത്തിൽനിന്നു ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ നാടകമാണ് പാർലമെന്റ് വളപ്പിൽ കണ്ടതെന്നാണ് കോണ്ഗ്രസിന്റെ വാദം.കോണ്ഗ്രസ് അംബേദ്കറെ അപമാനിച്ചുവെന്നാരോപിച്ച് ഇന്നലെ രാവിലെ പത്തോടെ എൻഡിഎ എംപിമാരുടെ നേതൃത്വത്തിൽ പാർലമെന്റിലെ മകർദ്വാറിൽ പ്രതിഷേധം ആരംഭിച്ചു.
ഇതേസമയം പാർലമെന്റ് വളപ്പിലെ അംബേദ്കർ പ്രതിമയ്ക്കു മുന്നിൽ "ഇന്ത്യ’ സഖ്യവും അമിത് ഷായുടെ രാജ്യസഭയിലെ പരാമർശത്തിനെതിരേ പ്രതിഷേധവുമായി രംഗത്തുവന്നു. നീല വസ്ത്രം ധരിച്ചാണു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചത്.
അംബേദ്കർ പ്രതിമയ്ക്കു മുന്നിൽനിന്ന് പ്രതിഷേധമാരംഭിച്ച പ്രതിപക്ഷസഖ്യം എംപിമാർ എൻഡിഎ എംപിമാർ പ്രതിഷേധിക്കുന്ന മകർദ്വാറിലേക്കെത്തി. തുടർന്ന് ഇരുകൂട്ടരും നേർക്കുനേർ നിന്ന് മുദ്രാവാക്യം വിളിച്ചു. പിന്നീട് പ്രതിപക്ഷ എംപിമാർ സഭയ്ക്കുള്ളിലേക്കു പ്രവേശിക്കാൻ ശ്രമിച്ചത് ഭരണപക്ഷം തടഞ്ഞു.
പ്രതിഷേധത്തെത്തുടർന്ന് ആദ്യ നാലു മിനിറ്റ് മാത്രമാണ് ലോക്സഭ ഇന്നലെ കൂടിയത്. രാജ്യസഭയിലും പ്രതിഷേധം കനത്തതോടെ ആദ്യം ഉച്ചകഴിഞ്ഞ് രണ്ടുവരെ ഇരുസഭകളും പിരിയുകയായിരുന്നു. ഉച്ചകഴിഞ്ഞ് സഭ വീണ്ടും ചേർന്നെങ്കിലും പ്രതിഷേധത്തെത്തുടർന്ന് പിരിഞ്ഞു. സഭയിൽനിന്നു പുറത്തിറങ്ങിയ ലോക്സഭയിലെ പ്രതിപക്ഷ എംപിമാർ മകർദ്വാറിലെ ഭിത്തിയിൽ കയറിനിന്നാണു പ്രതിഷേധിച്ചത്.
രാഹുലിനെതിരേ കേസ്
പാർലമെന്റ് വളപ്പിലെ സംഘർഷവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്കെതിരേ പോലീസ് കേസെടുത്തു. ബിജെപി എംപി ഹേമാംഗ് ജോഷി നല്കിയ പരാതിയിലാണ് പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.