അമിത് ഷായുടെ പ്രസംഗം പങ്കുവച്ചതിന് എക്സിൽനിന്നു നോട്ടീസ് ലഭിച്ചെന്ന് കോണ്ഗ്രസ്
Friday, December 20, 2024 2:16 AM IST
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ നടത്തിയ വിവാദ പ്രസംഗഭാഗങ്ങൾ പങ്കുവച്ചതിന് സമൂഹമാധ്യമമായ എക്സിൽനിന്ന് നോട്ടീസ് ലഭിച്ചുവെന്ന് കോണ്ഗ്രസ്.
വീഡിയോ ഭാഗങ്ങൾ ഇന്ത്യൻ നിയമം ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രാലയത്തിന്റെ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്റർ തങ്ങളെ ബന്ധപ്പെട്ടിരുന്നുവെന്നും അതിനാലാണു നോട്ടീസ് അയച്ചതെന്നും എക്സ് വ്യക്തമാക്കിയെന്ന് കോണ്ഗ്രസ് നേതാക്കൾ അവകാശപ്പെട്ടു.
തനിക്കും വീഡിയോ എക്സിൽ പങ്കുവച്ച ജയ്റാം രമേശ് അടക്കമുള്ള കോണ്ഗ്രസ് നേതാക്കൾക്കും എക്സിൽനിന്നു നോട്ടീസ് ലഭിച്ചുവെന്ന് കോണ്ഗ്രസ് ദേശീയ വക്താവ് സുപ്രിയ ശ്രിനാതെ പറഞ്ഞു.
വീഡിയോകൾ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ കീഴിൽ വരുന്നതിനാൽ അതു നീക്കംചെയ്യില്ലെന്ന് എക്സ് വ്യക്തമാക്കിയെന്നും സുതാര്യത ഉറപ്പാക്കാൻ എക്സ് ഇത്തരമൊരു നീക്കം തങ്ങളെ അറിയിച്ചതാണെന്നും സുപ്രിയ പറഞ്ഞു.
രാജ്യത്തെ ഏതു നിയമമാണു തങ്ങൾ ലംഘിച്ചതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണം. അമിത് ഷാ എന്തിനെയാണു ഭയക്കുന്നത്? ക്ഷമിക്കാൻ കഴിയാത്ത കുറ്റം ചെയ്ത അമിത് ഷാ മാപ്പു പറഞ്ഞ് രാജിവയ്ക്കണമെന്നും കോൺഗ്രസ് വക്താവ് ആവശ്യപ്പെട്ടു.