പരാതി നൽകി ബിജെപിയും കോണ്‍ഗ്രസും
Friday, December 20, 2024 2:16 AM IST
ന്യൂഡൽഹി: പാർലമെന്റ് വളപ്പിലെ നാടകീയ സംഭവവികാസങ്ങൾക്കു പിന്നാലെ പരാതി നൽകി ഭരണപക്ഷവും പ്രതിപക്ഷവും.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രണ്ട് എംപിമാരെ കൈയേറ്റം ചെയ്തതുവെന്നും വനിതാ എംപിയെ അപമാനിച്ചുവെന്നും ആരോപിച്ച് വധശ്രമം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങി വിവിധ വകുപ്പുകൾ ഉൾപ്പെടുത്തി പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ ബിജെപിയാണ് ആദ്യം പരാതി നൽകിയത്.
പ്രതിഷേധത്തിനിടയിൽ രാഹുൽ തന്നോട് അപമര്യാദയായി പെരുമാറിയെന്നും തനിക്ക് അദ്ദേഹത്തിന്റെ പെരുമാറ്റം ബുദ്ധിമുട്ടുണ്ടാക്കിയെന്നും ആരോപിച്ച് നാഗാലാൻഡിൽനിന്നുള്ള ബിജെപി അംഗം ഫാങ്നോണ്‍ കൊന്യാക് രാജ്യസഭ ചെയർമാനും പരാതി നൽകിയിട്ടുണ്ട്.
രാജ്യസഭാ പ്രതിപക്ഷ നേതാവും ദളിത് നേതാവുമായ മല്ലികാർജുൻ ഖാർഗെയെ ബിജെപി അംഗങ്ങൾ തള്ളിയിടുകയും ദേഹാസ്വാസ്ഥ്യമുണ്ടായെന്നും ആരോപിച്ചാണു കോണ്‍ഗ്രസിന്റെ പരാതി. ബിജെപി അംഗങ്ങൾ അപമര്യാദയായി പെരുമാറിയെന്നും കോണ്‍ഗ്രസിന്റെ പരാതിയിൽ ആരോപിക്കുന്നു.
കോണ്‍ഗ്രസ് എംപിമാരായ പ്രമോദ് തിവാരി, ദിഗ്വിജയ് സിംഗ്, മുകുൾ വാസ്നിക്, ജെബി മേത്തർ തുടങ്ങിയവരാണു പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. കോണ്‍ഗ്രസ് എംപിമാർക്കെതിരേയുള്ള ഭരണപക്ഷ ആക്രമണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് “ഇന്ത്യ’’ സഖ്യം എംപിമാർ ഒപ്പിട്ട പരാതി ലോക്സഭാ സ്പീക്കർക്ക് കൈമാറിയിട്ടുണ്ട്.