അംബേദ്കർ പരാമർശത്തിൽനിന്നു ശ്രദ്ധ തിരിക്കാൻ ബിജെപി ശ്രമമെന്ന് രാഹുൽ
Friday, December 20, 2024 2:16 AM IST
ന്യൂഡൽഹി: ഡോ.ബി.ആർ. അംബേദ്കറെക്കുറിച്ചുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമർശത്തിൽനിന്നു ശ്രദ്ധ തിരിക്കാനാണ് ബിജെപി അംഗങ്ങൾ പാർലമെന്റ് വളപ്പിൽ സംഘർഷം സൃഷ്ടിച്ചതെന്നു കോണ്ഗ്രസ്.
പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള തർക്കത്തിലേക്ക് ഇതു നയിച്ചുവെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഐഎസിസി ആസ്ഥാനത്തു നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പാർലമെന്റ് സമ്മേളനം ആരംഭിച്ചപ്പോൾ മുതൽ അദാനിയടക്കമുള്ള സുപ്രധാന വിഷയങ്ങളിൽനിന്നു വ്യതിചലിക്കാനാണ് ബിജെപി ശ്രമിച്ചിരുന്നതെന്ന് രാഹുൽ കുറ്റപ്പെടുത്തി.
അദാനി വിഷയം പാർലമെന്റിൽ ചർച്ച ചെയ്യാൻ ബിജെപി വിസമ്മതിച്ചു. ബിജെപിയുടെ പ്രത്യയശാസ്ത്രം തന്നെ ഭരണഘടനാവിരുദ്ധതയും അംബേദ്കർ വിരുദ്ധതയുമാണെന്ന് ഭരണഘടനയുടെ ചെറുപതിപ്പ് കൈയിലേന്തി രാഹുൽ പറഞ്ഞു. അംബേദ്കർ രാജ്യത്തിനു നൽകിയ പൈതൃകവും സംഭാവനകളും ഇല്ലാതാക്കാനാണു ബിജെപി ശ്രമിക്കുന്നത്.
അംബേദ്കർ വിരുദ്ധ പരാമർശത്തിലൂടെ കേന്ദ്ര ആഭ്യന്തരമന്ത്രി ഒരു പ്രത്യേക ചിന്താഗതിയാണ് തുറന്നുകാട്ടിയിരിക്കുന്നത്. അദ്ദേഹം മാപ്പ് പറയണമെന്നും രാജിവയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും അതൊന്നും സംഭവിച്ചില്ല.
ഇപ്പോൾ അതില്നിന്നു ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണു ബിജെപി നടത്തുന്നത്. സഭയ്ക്കുള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച പ്രതിപക്ഷത്തെ ഭരണപക്ഷ എംപിമാർ തടയുകയാണുണ്ടായത്. ഇതോടെ അവരുടെ നിലപാട് വ്യക്തമായെന്നും രാഹുൽ കുറ്റപ്പെടുത്തി.
അമിത് ഷായ്ക്കെതിരേ പ്രധാനമന്ത്രി ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഇതിൽ പ്രതിഷേധിച്ചാണു രാഹുലിന്റെയും പ്രിയങ്കയുടെയും നേതൃത്വത്തിൽ പ്രതിപക്ഷ അംഗങ്ങൾ പാർലമെന്റിൽ പ്രതിഷേധിച്ചതെന്നും രാഹുലിനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്ത കോണ്ഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു.
ഈ പ്രതിഷേധം രാജ്യവ്യാപകമായി എത്തിക്കാനാണു കോണ്ഗ്രസ് ശ്രമിക്കുന്നത്. കാരണം, അമിത ഷാ അപമാനിച്ചത് അംബേദ്കറെയാണ്. വിഷയങ്ങളിൽനിന്നു വ്യതിചലിപ്പിക്കാനാണു ബിജെപി പുതിയ നാടകവുമായി ഇറങ്ങിയിരിക്കുന്നത്. ഇതിന്റെ ഭാഗമായാണു കോണ്ഗ്രസ് അംഗങ്ങളെ ബിജെപി എംപിമാർ ശാരീരികമായി ആക്രമിച്ചെന്നും ഖാർഗെ ആരോപിച്ചു.
അതിനിടെ, രാഹുലിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണു ബിജെപി അദ്ദേഹത്തിനെതിരേ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. അമിത് ഷായെ രക്ഷിക്കാൻ ബിജെപി ഗൂഢാലോചന ആരംഭിച്ചെന്നും പ്രിയങ്ക പറഞ്ഞു.
തന്റെ കൺമുന്നിലാണു കോണ്ഗ്രസ് അധ്യക്ഷനെ ബിജെപി എംപിമാർ തള്ളിയിട്ടത്. അതിനുശേഷം ഒരു സിപിഎം എംപിയെയും ബിജെപി എംപിമാർ തള്ളിയിട്ടതായി പ്രിയങ്ക ആരോപിച്ചു.