ഏതു ഭീഷണിയും നേരിടാൻ സൈന്യം സജ്ജം: രാഷ്ട്രപതി
Tuesday, January 26, 2021 12:34 AM IST
ന്യൂഡൽഹി: രാജ്യസുരക്ഷയ്ക്കെതിരെയുള്ള ഏതു ഭീഷണിയും നേരിടാൻ ഇന്ത്യൻ സൈന്യം സജ്ജമാണെന്നും ര രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 72-ാം റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഭക്ഷ്യധാന്യങ്ങളിലും പാലുത്പന്നങ്ങളിലും നമ്മെ സ്വയംപര്യാപ്തരാക്കിയ കർഷകരെ ഓരോ ഇന്ത്യക്കാരനും അഭിവാദ്യം ചെയ്യുന്നുവെന്നു രാഷ്ട്രപതി പറഞ്ഞു. പുതിയ കാർഷികനിയമങ്ങൾ സംബന്ധിച്ച് കർഷകർക്കുള്ള ആശങ്ക പരിഹരിക്കണം. പരിഷ്കരണങ്ങളുടെ തുടക്കത്തിൽ തെറ്റിദ്ധാരണകളുണ്ടാകാം. എന്നാൽ, കർഷകക്ഷേമത്തിനായ സർക്കാരിന് അർപ്പിതമനസാണുള്ളത്. ഈ രാജ്യവും സർക്കാരും മുഴുവൻ ജനങ്ങളും കർഷകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കും-രാഷ്ട്രപതി പറഞ്ഞു.
കോവിഡ് വാക്സിനെടുക്കാൻ രാഷ്ട്രപതി ജനങ്ങളോടാവശ്യപ്പെട്ടു. കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ ചൈനീസ് സൈനികരുമായുളള്ള സംഘർഷത്തിൽ വീരമൃത്യു വരിച്ച 20 ഇന്ത്യൻ സൈനികർക്ക് രാഷ്ട്രപതി ആദരാഞ്ജലി അർപ്പിച്ചു. ധീരസൈനികരുടെ ജീവത്യാഗം രാഷ്ട്രം എക്കാലവും നന്ദിയോടെ സ്മരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.