അധ്യാപകൻ പീഡിപ്പിച്ചെന്ന വ്യാജപരാതിയിൽ ജയിൽവാസം അനുഭവിച്ചശേഷം കുറ്റക്കാരനല്ലെന്നു കണ്ടെത്തിയ കോടതി വെറുതേ വിട്ടു
Wednesday, September 3, 2025 2:06 AM IST
തൊടുപുഴ: ചെയ്യാത്ത തെറ്റിന്റെ പേരിൽ ആരോപണങ്ങളുടെ നെരിപ്പോടേറ്റ് മൂന്നാർ ഗവ.കോളജ് ഇക്കണോമിക്സ് വിഭാഗം തലവനായിരുന്ന പ്രഫ. ആനന്ദ് വിശ്വനാഥൻ ഉരുകിയുരുകി കഴിഞ്ഞത് നീണ്ട 11 വർഷങ്ങൾ.
പരീക്ഷാ ഹാളിൽ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന് ആരോപിച്ച് വിദ്യാർഥിനികൾ നൽകിയ കേസിനെതിരേ തൊടുപുഴ അഡീഷണൽ സെഷൻസ് കോടതിയിൽ നൽകിയ അപ്പീലിലാണ് ജഡ്ജി ലൈജുമോൾ ഷെരീഫ് അധ്യാപകനെ കുറ്റവിമുക്തമാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് രാഷ്ട്രീയ പ്രേരിതവും കെട്ടിച്ചമച്ചതാണെന്ന നിരീക്ഷണവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി.
കേസിന്റെ തുടക്കം
2014 ഓഗസ്റ്റ് 27നും സെപ്റ്റംബർ അഞ്ചിനും ഇടയിൽ മൂന്നാർ ഗവ. കോളജിൽ നടന്ന ഇക്കണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷയ്ക്കിടെ കോപ്പിയടിച്ച അഞ്ചു വിദ്യാർഥിനികളെ അഡീഷണൽ ചീഫ് എക്സാമിനർ കൂടിയായ പ്രഫ. ആനന്ദ് വിശ്വനാഥൻ പിടികൂടിയിരുന്നു.
സംഭവം സർവകലാശാലയ്ക്ക് റിപ്പോർട്ട് ചെയ്യാൻ ഇൻവിജിലേറ്ററെ ചുമതലപ്പെടുത്തിയെങ്കിലും നിർദേശം പാലിക്കപ്പെട്ടില്ല. എസ്എഫ്ഐ ഭാരവാഹികളായതിനാലാണ് റിപ്പോർട്ട് ചെയ്യാതിരുന്നതെന്ന് ആക്ഷേപം ഉയർന്നിരുന്നു.
ഇതിനിടെ കോപ്പിയടി പിടികൂടിയ വിദ്യാർഥിനികൾ അധ്യാപകൻ പീഡിപ്പിച്ചെന്നാരോപിച്ച് വിദ്യാഭ്യാസ മന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകി. ഇതേത്തുർന്ന് കേസെടുക്കാൻ വനിതാ കമ്മീഷൻ ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകുകയായിരുന്നു.
പരീക്ഷാ ഹാളിൽ അധ്യാപകൻ തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്നും കോപ്പിയടി കേസിൽ കുടുക്കുമെന്നും ഇന്റേണൽ മാർക്ക് നൽകില്ലെന്നും ഭീഷണിപ്പെടുത്തിയെന്നായിരുന്നു വിദ്യാർഥികൾ നൽകിയ പരാതി. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മൂന്നാർ പോലീസ് അധ്യാപകനെതിരേ കേസെടുക്കുകയായിരുന്നു.
ദേവികുളം മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച നാലു കേസിൽ രണ്ടെണ്ണത്തിൽ അധ്യാപകനെ വെറുതേ വിട്ടു. രണ്ടു കേസിൽ ഇദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തി മൂന്നു വർഷം തടവും 5000 രൂപ പിഴയും ചുമത്തി ശിക്ഷിച്ചു. ഇതിനെതിരേ അധ്യാപകൻ 2021ൽ തൊടുപുഴ അഡീഷണൽ സെഷൻസ് കോടതിയിൽ നൽകിയ അപ്പീൽ അനുവദിച്ചാണ് വെറുതേ വിട്ടത്.
മുൻ വൈരാഗ്യം
എംജി സർവകലാശാലയുടെ വിജിലൻസ് സ്ക്വാഡ് കണ്വീനറായി പ്രവർത്തിച്ചിരുന്ന 2007ൽ കോളജിലെ വിദ്യാർഥി സംഘടന നേതാവിന്റെ കോപ്പിയടി പിടിച്ചതിന്റെ വൈരാഗ്യമാണ് കേസിനാസ്പദമായ സംഭവത്തിലേക്ക് നയിച്ചതെന്ന് ആനന്ദ് വിശ്വനാഥൻ ദീപികയോട് പറഞ്ഞു.
ഒരു പോള കണ്ണടയ്ക്കാൻ പോലും കഴിയാത്ത തീവ്രവേദനയുടെ നാളുകളിലൂടെയാണ് കടന്നുപോയതെന്നും ഇദ്ദേഹം പറഞ്ഞു. കോപ്പിയടി റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മലപ്പുറത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനെതിരേ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അനുകൂല വിധി ഉണ്ടായതിനെ തുടർന്നാണ് മൂന്നാർ ഗവ. കോളജിലേക്ക് തിരികെ എത്താനായതെന്നും ഇദ്ദേഹം പറഞ്ഞു.