രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ കേസ് ; പ്രത്യേക അന്വേഷണസംഘം ബംഗളൂരുവിലേക്ക്
Wednesday, September 3, 2025 2:06 AM IST
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ ഉയർന്ന ലൈംഗികപീഡന ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം നടത്തുന്ന അന്വേഷണം ബംഗളൂരുവിലേക്ക്.
രണ്ടു സ്ത്രീകളെ ബംഗളൂരുവിലെ ആശുപത്രിയിൽ ഗർഭഛിദ്രത്തിനു വിധേയമാക്കിയെന്ന വിവരത്തെത്തുടർന്നാണ് ആശുപത്രിയിലെ രേഖകൾ തേടി ക്രൈംബ്രാഞ്ച് സംഘം പോയത്.
ആദ്യം ഗർഭഛിദ്രത്തിന് ഇരയായ യുവതിയും ബന്ധുവും രണ്ടാമത്തെ യുവതിയെ ബംഗളൂരുവിലെ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ചെന്നാണു വിവരം. ഇവിടെനിന്ന് ഇതു സംബന്ധിച്ച വിവരം ലഭിച്ചാൽ പരാതിക്കാരെ സമീപിച്ചു മൊഴിയെടുത്ത ശേഷം തുടർനടപടിയിലേക്കു കടക്കും. പരാതിയോ മൊഴിയോ നൽകാൻ യുവതികൾ തയാറായില്ലെങ്കിൽ തുടർ നടപടി സ്വീകരിക്കാൻ അന്വേഷണ സംഘം ഏറെ പാടുപെടും.
നിർബന്ധിത ഗർഭഛിദ്രത്തിനു പ്രേരിപ്പിച്ചെന്ന ആരോപണത്തിൽ കേസെടുക്കണമെന്നു പരാതിപ്പെട്ട ഹൈക്കോടതി അഭിഭാഷകന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.
പുറത്തു വന്ന ശബ്ദസന്ദേശം രാഹുലിന്റേതാണെന്നു ശാസ്ത്രീയമായി തെളിയിക്കാൻ ശബ്ദപരിശോധന നടത്തണം. ഇതിനായി രാഹുലിന്റെ ശബ്ദസാന്പിൾ ശേഖരിക്കണം. യുവതികളുമായി അടുപ്പമുള്ള മൂന്നു മാധ്യമ പ്രവർത്തകരെയും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കണ്ടിരുന്നു.