സമുദായ സർട്ടിഫിക്കറ്റ്: അവ്യക്തതകൾ പരിഹരിക്കണമെന്ന് കെആർഎൽസിസി
Tuesday, September 2, 2025 1:24 AM IST
കൊച്ചി: ലത്തീൻ കത്തോലിക്കാ സമുദായ സർട്ടിഫിക്കറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തടസങ്ങളും അവ്യക്തതകളും പരിഹരിക്കുന്നതിന് ഉത്തരവ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് കെആർഎൽസിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ.വർഗീസ് ചക്കാലയ്ക്കലിന്റെ നേതൃത്വത്തിൽ പ്രതിനിധിസംഘം മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു.
ലത്തീൻ സമുദായ സർട്ടിഫിക്കറ്റ് നൽകുന്നതിലുള്ള അവ്യക്തതകൾ പരിഹരിച്ചുകൊണ്ട് 2016 ഫെബ്രുവരി 27ന് പിന്നോക്ക സമുദായ വികസന വകുപ്പ് സ്പഷ്ടീകരണ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. സമുദായ സർട്ടിഫിക്കറ്റ് നൽകുന്നതിന് അവർ 1947നു മുമ്പ് ലത്തീൻ കത്തോലിക്ക വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ളവർ ആണെന്ന് തെളിയിക്കുന്ന രേഖകൾ ഒഴിവാക്കി, ബന്ധപ്പെട്ട ബിഷപ്പുമാർ നൽകുന്ന സർട്ടിഫിക്കറ്റിന്റെയും റവന്യൂ അധികാരികൾ നടത്തുന്ന പ്രാദേശിക അന്വേഷണത്തിൽ വെളിവാകുന്ന വസ്തുതകളുടെയും അടിസ്ഥാനത്തിൽ സമുദായ അംഗങ്ങൾക്ക് അവരുടെ ജാതി, സമുദായ സർട്ടിഫിക്കറ്റ് നൽകണമെന്ന് ഈ സർക്കുലർ വ്യക്തമായി നിർദേശിക്കുന്നുണ്ട് .
2016 ലെ ഈ സർക്കുലർ സർക്കാർ ഉത്തരവായി പുറപ്പെടുവിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് പ്രതിനിധിസംഘം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ലത്തീൻ കത്തോലിക്കാ സമുദായത്തിലെ നാടാർ വിഭാഗം പ്രത്യേകമായി അഭിമുഖീകരിക്കുന്ന സമുദായ സർട്ടിഫിക്കറ്റ് പ്രശ്നവും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
കെആർഎൽസിസി ജനറൽ സെക്രട്ടറി റവ. ഡോ. ജിജു ജോർജ് അറക്കത്തറ, കോഴിക്കോട് അതിരൂപത വികാരി ജനറാൾ മോൺ. ഡോ. ജെൻസൻ പുത്തൻവീട്ടിൽ എന്നിവരും പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു.