സ്പോർട്സ് കൗണ്‍സിലിന് 7.62 കോടി അനുവദിച്ചു
Wednesday, September 3, 2025 2:05 AM IST
തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗണ്‍സിലിന് ഹോസ്റ്റൽ ചെലവ്, പെൻഷൻ, ശന്പളം തുടങ്ങിയ ആവശ്യങ്ങൾക്കു സർക്കാർ 7.62 കോടി രൂപ അനുവദിച്ചതായി കായികമന്ത്രി വി. അബ്ദുറഹിമാൻ അറിയിച്ചു.
കൗണ്‍സിലിനു കീഴിലെ കായിക അക്കാദമികളിലെയും സ്പോർട്സ് ഹോസ്റ്റലുകളിലെയും കുട്ടികളുടെ ബോർഡിംഗ് ആൻഡ് ലോഡ്ജിംഗ് ചെലവുകൾക്കായി 4.54 കോടി രൂപയാണ് അനുവദിച്ചത്. ഈയിനത്തിൽ 6.30 കോടി രൂപ സാന്പത്തിക വർഷത്തിന്റെ തുടക്കത്തിൽ അനുവദിച്ചിരുന്നു. ഇതോടെ, ബോർഡിംഗ് ആൻഡ് ലോഡ്ജിംഗ് ചെലവുകൾക്കായി ബജറ്റിൽ നീക്കിവച്ച 15 കോടി രൂപയിൽ 10.84 കോടി കൗണ്‍സിലിന് ലഭിച്ചു.
പെൻഷൻകാർക്കുള്ള പെൻഷൻ, ഓണറേറിയം, ഓണം അലവൻസ് എന്നീ ആവശ്യങ്ങൾക്കായി 1.88 കോടി രൂപയാണ് അനുവദിച്ചത്. കൗണ്‍സിലിനു ബജറ്റിൽ നീക്കിവച്ച നോണ്‍ പ്ലാൻ വിഹിതത്തിൽ നിന്ന് 1.20 കോടിയും അനുവദിച്ചു. ശന്പളം, ഓണം അഡ്വാൻസ്, ഓണം അലവൻസ് തുടങ്ങിയ ആവശ്യങ്ങൾക്കാണ് ഈ തുക.