യുദ്ധം തകര്‍ത്ത നാട്ടിലേക്ക് യുദ്ധത്തിനെതിരായ ചിത്രങ്ങളുമായി
Tuesday, September 2, 2025 1:23 AM IST
എം. ജയതിലകന്‍
കോഴിക്കോട്: ലോകത്തെ യുദ്ധങ്ങള്‍ക്കെതിരായ ചിത്രങ്ങളുമായി ചിത്രകാര ദമ്പതികള്‍ ജപ്പാനിലെ ഹിരോഷിമയിലേക്ക്.
പ്രമുഖ ചിത്രകാരന് ഫ്രാന്‍സിസ് കോടങ്കണ്ടത്തും ചിത്രകാരിയായ ഭാര്യ ഷേര്‍ളി ജോസഫ് ചാലിശേരിയുമാണ് ഖാദിത്തുണിയില്‍ വരച്ച ചിത്രങ്ങളമായി അന്താരാഷ്ട്ര ചിത്രപ്രദര്‍ശനത്തിനു ഹിരോഷിമയില്‍ എത്തുന്നത്. രണ്ടാം ലോക മഹായുദ്ധകാലത്ത് അമേരിക്ക ആണവബോംബ് വിക്ഷേപിച്ചതിന്റെ ദുരന്തഫലം പേറുന്ന നാട്ടിലേക്കാണ് യുദ്ധത്തിനെതിരായ സന്ദേശവുമായി ഇവരുടെ യാത്ര.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖ പത്തു ചിത്രകാരന്‍ന്മാരുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഈ മാസം ആറുമുതല്‍ പതിനൊന്നുവരെ ഹിരോഷിമയിലും 12 മുതല്‍ 16 വരെ തെക്കന്‍ കൊറിയയിലെ സോളിലും ചിത്രപ്രദര്‍ശനം നടക്കും.
ഹിരോഷിമ പീസ് മ്യൂസിയവും സോള്‍ ഹ്യൂമന്‍ ആര്‍ട്ട് ഗാലറിയുമാണ് വേദികള്‍. വേള്‍ഡ് വിത്തൗട്ട് വാര് എന്ന ആഗോള സംഘടനയും ജാപ്പനീസ് ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ ഓര്ഗൈനേസഷനുമാണ് സംഘാടകര്‍.
‘ചോരയും ചാരവും’എന്ന വിഷയത്തെ അധികരിച്ച് ചുവപ്പും ചാര നിറവും മാത്രം ഉപയോഗിച്ച് തൂവെള്ള ഖാദിയിലാണ് ചിത്രങ്ങള്‍ രൂപകല്പന ചെയ്തിട്ടുള്ളത്.
ഇസ്രയേല്‍-പലസ്തീന്, യുക്രെയ്ന്-റഷ്യ, ഇന്ത്യ-പാക്കിസ്ഥാന്, കംബോഡിയ-തായ്ലാന്ഡ് യുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍ യുദ്ധങ്ങളുടെ ഭീകരതയും അവിശേഷിക്കുന്നവരുടെ ജീവിത ദുരിതവുമാണ് ചിത്രങ്ങളില്‍ തുറന്നുകാട്ടുന്നതെന്ന് ഫ്രാന്‍സിസ് കോടങ്കണ്ടത്ത് പറഞ്ഞു.
യുദ്ധങ്ങളില്‍ ഇന്നേവരെ ഉണ്ടായ ചോരയ്ക്കും ചാരത്തിനും കണക്കില്ല. തുടര്‍ന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങളില്‍ പതിനായിരങ്ങള്‍ കൊല്ലപ്പെട്ടു. ലക്ഷങ്ങള്‍ ഭവനരഹിതരായി. പിഞ്ചുകുഞ്ഞുങ്ങള്‍ അനാഥരായി.
242 മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജീവന് നഷ്ടപ്പെട്ടു.ഇവരോടെല്ലാം ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതാണ് ചിത്രങ്ങള്‍. അഞ്ചു ചിത്രങ്ങളാണ് പ്രദര്നത്തിനുണ്ടാവുക. മൂന്നു ചിത്രങ്ങള്‍ ഹിരേഷിമയില് എത്തിച്ചുകഴിഞ്ഞു. രണ്ടു ചിത്രങ്ങള്‍ അവിടെവച്ച് പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
2001ല്‍ മുംബൈ ജഹാംഗീര്‍ ആര്‍ട്ട് ഗാലറിയില്‍ നടന്ന സമാന ചിന്തകളിലുള്ള കോടങ്കണ്ടത്തിലിന്റെ ചിത്രപ്രദര്‍ശനത്തില്‍ വേള്‍ഡ് വിത്തൗട്ട് വാര് എന്ന സംഘടനയുടെ പ്രതിനിധികള്‍ എത്തുകയും മൂന്ന് ചിത്രങ്ങള്‍ അവരുടെ ആഗോള പര്യടനത്തിന്റെ കൊടിയടയാളമായി സ്വീകരിക്കുകയും അര്‍ജന്റീനയുടെ ആസ്ഥാനത്ത് സ്ഥാപിക്കുകയും ചെയ്തിരുന്നു.
കസ്റ്റംസില്‍ രഹസ്യാന്വേഷണ വിഭാഗം അസി. കമ്മീഷണറായി നെടുമ്പാശേരിയില്‍നിന്നു വിരമിച്ച ഇദ്ദേഹത്തിന് ചിത്രരചനയില്‍ മൂന്നുതവണ സംസ്ഥാന പുരസ്കാരവും ഒരു തവണ ദേശീയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ലണ്ടന്‍ ബിനാലെയിലും ഓസ്ട്രിയ ബിനാലെയിലും പങ്കെടുത്തിട്ടുണ്ട്.