ഐപിഎസ് ഉദ്യോഗസ്ഥന്റെ പേരിൽ വാട്സാപ് തട്ടിപ്പ്
Tuesday, September 2, 2025 1:23 AM IST
കൊല്ലം: ഐപിഎസ് ഉദ്യോഗസ്ഥന്റെ പേരിൽ വ്യാജ വാട്സാപ് അക്കൗണ്ട് ഉണ്ടാക്കി പോലീസുകാരെ കബളിപ്പിച്ച് പണം തട്ടാൻ ശ്രമിച്ചയാൾക്കെതിരേ പോലീസ് അന്വേഷണം ആരംഭിച്ചു.
കൊല്ലം സൈബർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്താണ് അന്വേഷണം നടക്കുന്നത്.തട്ടിപ്പിൽ ഇതുവരെ ആർക്കും പണം നഷ്ടമായിട്ടില്ലെന്നു പോലീസ് വ്യക്തമാക്കി.
യൂണിഫോമിലുള്ള കൊട്ടാരക്കര റൂറൽ എസ്പി ടി.കെ. വിഷ്ണു പ്രദീപ് ഐപിഎസിന്റെ ചിത്രം ഉപയോഗിച്ച് +9779702927 എന്ന ഫോൺ നമ്പറിൽനിന്ന് കഴിഞ്ഞയാഴ്ച കൊല്ലം റൂറൽ പോലീസിലെ ഉദ്യോഗസ്ഥർക്ക് സന്ദേശങ്ങൾ ലഭിച്ചു.
അടിയന്തര ആവശ്യമുണ്ടെന്നു പറഞ്ഞ് 40,000 രൂപ ആവശ്യപ്പെടുകയായിരുന്നു തട്ടിപ്പുകാരൻ. എന്നാൽ സമാനമായ തട്ടിപ്പുകളെക്കുറിച്ചു ബോധവാന്മാരായിരുന്ന ഉദ്യോഗസ്ഥർ ഉടൻതന്നെ മുതിർന്ന ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.
ഭാരതീയ ന്യായ സംഹിതയിലെ 318(നാല്) (വഞ്ചന), മൂന്ന് ( അഞ്ച്) (ഒരേ ലക്ഷ്യത്തോടെ കുറ്റകൃത്യം ചെയ്യൽ), ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ 66സി (വ്യക്തിവിവര മോഷണം), 66ഡി (ആൾമാറാട്ടം) എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.
ന്യൂഡൽഹിയിലെ ഒരു ബാങ്ക് അക്കൗണ്ടിലേക്കാണ് തട്ടിപ്പുകാരൻ പണം ആവശ്യപ്പെട്ടതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അക്കൗണ്ട് ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. അന്വേഷണം ഡൽഹിയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.