ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പ് ; കൊച്ചി സ്വദേശിക്ക് 24.7 കോടി നഷ്ടമായി
Tuesday, September 2, 2025 1:24 AM IST
കൊച്ചി: കൊച്ചി സ്വദേശിയായ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടമയ്ക്ക് ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പിലൂടെ 24.76 കോടി രൂപ നഷ്ടമായെന്ന് പരാതി. സംഭവത്തില്‍ കൊച്ചി സൈബര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
എളംകുളം സ്വദേശി ഇ. നിമേഷ് എന്നയാളുടെ പണമാണ് നഷ്ടപ്പെട്ടത്. 2023 മുതല്‍ 2025 വരെയുള്ള കാലയളവില്‍ വിവിധ ഘട്ടങ്ങളായിട്ടായിരുന്നു തട്ടിപ്പ്. രാജ്യത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്ത ഏറ്റവും വലിയ ട്രേഡിംഗ് തട്ടിപ്പുകളിലൊന്നാണിത്.
ഓഹരി വിപണിയില്‍ സജീവമായി ഇടപെടുന്ന വ്യവസായിയെയാണ് സൈബര്‍ തട്ടിപ്പ് സംഘം വലിയ ലാഭം വാഗ്ദാനം ചെയ്ത് കുടുക്കിയത്. ടെലഗ്രാം വഴി ബന്ധപ്പെട്ട പ്രതികള്‍ വിപണി മൂല്യമുള്ള കമ്പനികളുടെ ഓഹരി ചെറിയ തുകയ്ക്ക് വാങ്ങിനല്‍കാമെന്നും വന്‍തുക ലാഭമായി ലഭിക്കുമെന്നും പറഞ്ഞിരുന്നു.
ആദ്യഘട്ടത്തില്‍ രണ്ടുകോടി നിക്ഷിപിച്ചപ്പോള് നാലു കോടിയോളം രൂപ ലാഭമായി ലഭിച്ചതായും സംഘം വിശ്വസിപ്പച്ചു. ഇതോടെയാണ് തട്ടിപ്പ് സംഘത്തിന്റെ നിര്‍ദേശ പ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം അയച്ചു നല്‍കിയത്.
ഓരോ തവണ നിക്ഷേപിക്കുമ്പോഴും ഇരട്ടി തുകയാണ് അക്കൗണ്ടില്‍ ലാഭമായി കാണിച്ചിരുന്നു. എന്നാല്‍ നിക്ഷേപം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോഴാണ് വ്യാജ ആപ്പാണെന്നു മനസിലായത്.