നെല്ലുസംഭരണവിലയിൽ നിബന്ധനയുമായി സപ്ലൈകോ
Tuesday, September 2, 2025 1:24 AM IST
ബെന്നി ചിറയില്‍
ചങ്ങനാശേരി: സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പ് പ്രസിദ്ധീകരിച്ച പുതിയ നെല്ല് സംഭരണനയം കര്‍ഷകവിരുദ്ധവും അവ്യക്തവുമെന്ന് ആക്ഷേപം.
സംഭരിക്കുന്ന നെല്ല് കുത്തി അരിയാക്കി റേഷന്‍കടകളിലൂടെ വിതരണം ചെയ്തശേഷം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതം സിവില്‍ സപ്ലൈസിനു ലഭിച്ചശേഷം മാത്രമേ കര്‍ഷകര്‍ക്ക് പണം നല്‍കുകയുള്ളുവെന്ന നിബന്ധനയാണ് കര്‍ഷകരെ വെട്ടിലാക്കുന്നത്. സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടറാണ് നയം സംബന്ധിച്ച ഉത്തരവിറക്കിയിരിക്കുന്നത്.
നിശ്ചിത അളവിൽ കൂടുതൽ ഈർപ്പമുള്ള നെല്ല് സംഭരിക്കില്ല, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പണം നൽകുമ്പോൾ മാത്രമേ നെല്ലിന്റെ വില നൽകുകയുള്ളൂ എന്നിവ അംഗീകരിച്ച് കർഷകർ സാക്ഷ്യപത്രം നൽകണമെന്നാണ് സപ്ലൈകോ നിർദേശം. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ നിശ്ചയിക്കുന്ന സ്ഥലത്ത് നെല്ല് എത്തിച്ചുകൊടുക്കണമെന്ന് നയരേഖയില്‍ ചേര്‍ത്തിരിക്കുന്നതും കര്‍ഷകരെ വെട്ടിലാക്കുന്ന കെണിയാണ്.
ഇപ്പോള്‍ പാടശേഖരത്തിനടുത്തുള്ള റോഡില്‍ കര്‍ഷകര്‍ നെല്ല് എത്തിക്കുകയും അവിടെനിന്നും മില്ലുകാര്‍ സംഭരിക്കുകയുമാണു ചെയ്യുന്നത്. ഫെയര്‍ ആവറേജ് ക്വാളിറ്റി ഗുണമേന്മ മാനദണ്ഡപ്രകാരമുള്ള നെല്ലു മാത്രമേ സംഭരിക്കുകയുള്ളുവെന്നും നയത്തില്‍ പറയുന്നു. ഈ ഗുണമേന്മയില്ലെങ്കില്‍ നെല്ല് സംഭരിക്കാതിരിക്കുന്നതടക്കമുള്ള എന്തു നടപയും സപ്ലൈകോ സ്വീകരിച്ചാല്‍ അത് കര്‍ഷകര്‍ അംഗീകരിക്കണമെന്നും നിബന്ധനയിലുണ്ട്.
ഈ നിബന്ധനകള്‍ അംഗീകരിച്ചുകൊണ്ടുള്ള സത്യവാങ്മൂലത്തില്‍ കര്ഷകന് ഒപ്പിട്ടാല്‍ മാത്രമേ കര്‍ഷക രജിസ്ട്രേഷന് നടത്താനാകു. കര്‍ഷകര്‍ക്ക് യോജിക്കാത്ത നിബന്ധകളിലൂടെ നെല്ലുനയം പ്രഖ്യാപിച്ച് സിവില്‍ സപ്ലൈസ് വകുപ്പ് നെല്ല് സംഭരണത്തില്‍ നിന്നും പിന്മാറാന് ഗൂഢനീക്കം നടത്തുകയാണെന്നാണ് നെല്‍കര്‍ഷകരുടെ ആരോപണം. കര്‍ഷകരെ വെട്ടിലാക്കുന്ന പുതിയ നെല്‍കര്‍ഷക നയത്തില്‍ മുഖ്യമന്ത്രിക്കും സിവില്‍ സപ്ലൈസ് മന്ത്രിക്കും പങ്കുണ്ടോയെന്നും നെല്‍കര്‍ഷകര്‍ സംശയിക്കുന്നു.
കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളിലായി കേന്ദ്രസര്‍ക്കാര്‍ ഒരു ക്വിന്റല്‍ നെല്ലിന് മിനിമം സപ്പോര്‍ട്ട് പ്രൈസ് അനുവദിച്ച 501 രൂപ ഇതുവരെ കേരളസര്‍ക്കാര്‍ സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് നല്‍കിയിട്ടില്ല.
ഇതില്‍ ക്വിന്റലിന് ഈവര്‍ഷം കേന്ദ്രം കൂട്ടിയ 69 രൂപയെങ്കിലും നെല്ലുസംഭരണ നയത്തില്‍ പ്രഖ്യാപിച്ചില്ലെന്നു മാത്രമല്ല, കര്‍ഷക വിരുദ്ധമായ നിബന്ധകള്കൂടി അടിച്ചേല്‍പ്പിക്കുകയാണ്. ഇതിനെതിരേ സംസ്ഥാനത്തൊട്ടാകെ സമരം സംഘടിപ്പിക്കുമെന്ന് നെല്‍കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരി വി.ജെ. ലാലി പറഞ്ഞു.